ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞാല്‍ സ്ത്രീയുടെ മതവിശ്വാസം ഭര്‍ത്താവിന്റേതുമായി ലയിച്ച് ചേരണമെന്ന ബോംബെ ഹൈക്കോടതി വിധി എതിര്‍ത്ത് സുപ്രീംകോടതി. വിവാഹം എന്നത് സ്ത്രീയുടെ അവകാശങ്ങള്‍ ഹനിക്കാനുളള പ്രവൃത്തിയാകരുതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

പാഴ്‌സി യുവതി അന്യ സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളുടെ പരമ്പരാഗത മരണാനന്തര ചടങ്ങുകളില്‍ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വല്‍സദ് സൊറോസ്ട്രിയന്‍ ട്രസ്റ്റ് സമര്‍പ്പിച്ച അപേക്ഷയിലാണ് സുപ്രീംകോടതി ഉത്തരവ്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഗൂല്‍റോഖ് എം ഗുപ്ത എന്ന യുവതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി വിധി പരമോന്നത കോടതി റദ്ദാക്കി.

ഒരു പാഴ്‌സി യുവാവ് സമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിച്ചാല്‍ അയാളെ പരമ്പരാഗത ചടങ്ങുകളില്‍ നിന്ന് മാറ്റി നിര്‍ത്താറില്ല. എന്നാല്‍ സ്ത്രീകള്‍ സമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിക്കുമ്പോള്‍ എന്തുകൊണ്ടാണ് അവര്‍ക്ക് മാത്രം വിലക്ക് കല്‍പ്പിക്കുന്നതെന്ന് കോടതി ചോദിച്ചു.

‘വിവാഹം എന്നത് ഒരു സ്ത്രീ പുരുഷന് സ്വയം പണയം വയ്ക്കുന്ന സമ്പ്രദായമല്ല. പ്രഥമദൃഷ്ട്യാ ബോംബെ ഹൈക്കോടതി വിധി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഒരു കുട്ടിക്ക് രക്ഷിതാക്കളോടുളള വികാരം ട്രസ്റ്റ് മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ