ലക്നൗ: ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിലെ മുഴുവന്‍ വാഗ്ദാനങ്ങളും നിറവേറ്റുമെന്ന് ഉത്തര്‍പ്രദേശിന്റെ പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി ആയതിന് ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപിക്ക് ഭരണത്തില്‍ ഇരിക്കാന്‍ അധികാരം നല്‍കിയ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. യാതൊരു വിവേചനവും ഇല്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗത്തിനും വേണ്ടി പ്രവര്‍ത്തിക്കും. 15 വര്‍ഷമായി ഉത്തര്‍പ്രദേശ് വികസനത്തില്‍ പിന്നിലാണ്. കഴിഞ്ഞ സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വികസനത്തിന് മുറിവേല്‍പിച്ചിരുന്നു. എന്നാല്‍ തന്റെ മന്ത്രിസഭ യുപിയുടെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി നിലകൊള്ളുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയായി ചുമതലയേറ്റ യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിനെ ഉത്തമ പ്രദേശ് ആക്കി മാറ്റാനുള്ള എല്ലാ പരിശ്രമങ്ങളും മന്ത്രിസഭ നടത്തുമെന്നാണ് തന്റെ വിശ്വാസമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

വികസനം മാത്രമാണ് തങ്ങളുടെ ദൗത്യം. ഉത്തര്‍പ്രദേശ് വികസിക്കുമ്പോള്‍ രാജ്യം മുഴുവനും വികസിക്കും. യുപിയിലെ യുവാക്കളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുമെന്നും അവര്‍ക്ക് അവസരങ്ങള്‍ ഒരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തോടെ അഞ്ചില്‍ നാല് സംസ്ഥാനങ്ങളില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ കഴിഞ്ഞത് ജനങ്ങളുടെ അനുഗ്രഹവും, പ്രവര്‍ത്തകരുടെ കഠിനാധ്വാനവും ഒന്നുകൊണ്ട് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ