ബിക്കാനീർ: സിഗ്നല്‍ ലഭിക്കുന്നതിനായി മരത്തിന് മുകളില്‍ കയറി ഫോണ്‍ ചെയ്യേണ്ടി വരുന്നത് ഉള്‍നാടുകളിലെ ജനങ്ങള്‍ക്ക് അത്ര അപരിചിതമായ കാഴ്ച്ചയല്ല. എന്നാല്‍ സിഗ്നല്‍ തേടി മരത്തില്‍ കയറുന്ന കേന്ദ്രമന്ത്രിയെ ഇതുവരെയും കണ്ടുകാണില്ല. രാജസ്ഥാനിലെത്തിയ കേന്ദ്ര ധനവകുപ്പ്​ സഹമന്ത്രി അർജുൻ റാം മേഘ്​വാളിനാണ്​ ഫോണിൽ സംസാരിക്കുന്നതിന്​ മരത്തിനു മുകളിൽ കയറേണ്ടി വന്നത്​. 62 കാരനായ അർജുൻ അഗർവാൾ മരത്തിൽ കയറി ഫോൺ വിളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്​.

പ്രചരണത്തിനായി തന്റെ സ്വന്തം മണ്ഡലമായ ബിക്കാനീറിലെത്തിയതായിരുന്നു മന്ത്രി. ധൂലിയ ഗ്രാമത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നഴ്സുമാര്‍ ഇല്ലെന്ന് ഗ്രാമവാസികള്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ പണിമുടക്കുകയായിരുന്നു. തങ്ങള്‍ക്ക് മരത്തില്‍ കയറിയാല്‍ മാത്രമാണ് സിഗ്നല്‍ ലഭിക്കുകയെന്ന് ഗ്രാമവാസികള്‍ മന്ത്രിയോട് പരാതിപ്പെടുകയായിരുന്നു. പിന്നീടാണ് അദ്ദേഹം ഏണിവെച്ച് മരത്തില്‍ വലിഞ്ഞു കയറിയത്.

ഫോൺ പിടിച്ച്​ മരത്തിനു മുകളിൽ കയറിയ അർജുൻ മേഘ്​വാൾ ഏണിയിൽ ബലാൻസ്​ ചെയ്​തു നിന്ന്​ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ഫോൺ ചെയ്​തിറങ്ങിയ മ​​ന്ത്രിയെ ഹർഷാരവങ്ങളോടെയാണ്​ ഗ്രാമീണർ വരവേറ്റത്​. ഡിജിറ്റൽ ഇന്ത്യ’ പദ്ധതി നടപ്പാക്കുന്ന സർക്കാറി​ലെ കാബിനറ്റ്​ അംഗത്തിന്​ മൊബൈൽ ഫോൺ സിഗ്നൽ തേടി മരത്തില്‍ കയറേണ്ടി വന്നത് ചര്‍ച്ചയായി മാറിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ