ചെന്നൈ: ജയലളിതയുടെ ആശയങ്ങൾ പിന്തുടരുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.കെ.ശശികല. ജനക്ഷേമം മുൻനിർത്തി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു. ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് ഇന്നു ചേർന്ന യോഗത്തിൽ ശശികലയെ അണ്ണാ ഡിഎംകെയുടെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഒ.പനീർശെൽവമാണ് ശശികലയുടെ പേര് നിർദേശിച്ചത്. ഇതിനു പിന്നാലെ പനീർശെൽവം മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും ചെയ്തു. ശശികലയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും.

ശശികല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു. ഒരു വിഭാഗം എംഎൽഎമാരും ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കറും അണ്ണാ ഡിഎംകെ പ്രചാരണവിഭാഗം സെക്രട്ടറിയുമായ എം.തന്പിദുരൈയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. അപ്പോഴെല്ലാം തനിക്കെതിരെയുള്ള കേസുകളിലെ വിധി വന്നതിനുശേഷം മതി മുഖ്യമന്ത്രി പദം ഏറ്റെടുക്കൽ എന്നായിരുന്നു ശശികലയുടെ തീരുമാനം. എന്നാൽ ജെല്ലിക്കെട്ട് സമര വിജയം ഉൾപ്പെടെ പനീർശെൽവത്തിന്റെ പ്രതിച്ഛായ വർധിച്ചതാണ് പെട്ടെന്നുള്ള നിലപാടു മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2015 ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. അതേ മാസം 31-ാം തീയതി എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായി ശശികല ചുമതലയേൽക്കുകയും ചെയ്തു. മൂന്നു പതിറ്റാണ്ടോളം ജയലളിതയുടെ വിശ്വസ്തയായി ശശികല ഒപ്പമുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ