ലക്‌നൗ: ഉത്തർപ്രദേശിൽ പാവപ്പെട്ടവർക്ക് പുതപ്പ് വിതരണം ചെയ്യുന്ന പരിപാടിയിൽ ബിജെപി നേതാക്കൾ തമ്മിൽ കയ്യാങ്കളി. പുതപ്പ് വിതരണം ചെയ്യുന്ന ഫോട്ടോ ആരുടെ ആദ്യം എടുക്കുമെന്നതിനെ ചൊല്ലിയാണ് സ്ഥലം എംഎൽഎയും എംപിയും തമ്മിലടിച്ചത്. പൊലീസും ജില്ലാ ഉദ്യോഗസ്ഥരും നോക്കിനിൽക്കേയായിരുന്നു സംഭവം.

മഹോലി എംഎല്‍എയായ ശശാങ്ക് ത്രിവേദിയുടെ അനുയായികളിൽ ഒരാളോട് ലോക്‌സഭ എംപിയായ രേഖ വര്‍മ്മ രോഷാകുലയായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ‘നീ നിന്റെ പരിധിയില്‍ നിന്നാമതി’ എന്ന് രേഖ വർമ്മ അയാളോട് പറഞ്ഞു. ഇതിനിടെ രേഖ വർമ്മയുടെ മകനെ ആരോ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മകനെ രക്ഷിക്കാനായി എംപി ഓടിയെത്തുകയും ചെയ്തു. ഇതിനിടെ ഒരു പൊലീസുകാരന് അടിയേല്‍ക്കുകയും ചെയ്തു. പിന്നീട് എംപിയും ത്രിവേദിയുടെ അനുയായികളും തമ്മില്‍ വാക്കുതർക്കമുണ്ടായി. വഴക്ക് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങി.

കയ്യാങ്കളി ശക്തമായപ്പോൾ ലോക്‌സഭ എംപിയായ രേഖ വര്‍മ്മ ഒരാളെ ചെരുപ്പൂരി അടിക്കാനും ശ്രമിച്ചു. എന്നാല്‍ അടി എതിരാളിക്ക് കൊണ്ടില്ല. ഒടുവിൽ പൊലീസ് മേധാവി സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.

യുപിയിൽ കൊടു ശൈത്യത്തിൽ നിരവധി പേർ മരണമടഞ്ഞിരുന്നു. തണുപ്പിൽനിന്നും രക്ഷ നേടാനായി പാവപ്പെട്ടവർക്കും ഭവനരഹിതർക്കും പുതപ്പ് വിതരണം ചെയ്യുന്ന പരിപാടിയിലാണ് ബിജെപി നേതാക്കൾ തമ്മിൽ പോരടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ