വാഷിംഗ്‌ടൺ: സൈനികവും സാമ്പത്തികവുമായ ഉപരോധങ്ങൾക്ക് പിന്നാലെ കൂടുതൽ ശക്തമായി പാക്കിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തുമെന്ന് അമേരിക്ക. തങ്ങളുടെ നിരോധനത്തെ പാക്കിസ്ഥാൻ ഏത് വിധത്തിൽ നേരിട്ടാലും ഭീകരവാദത്തിനെതിരെ ശക്തമായ സമ്മർദ്ദം തുടരുമെന്ന് ഉന്നത വിദേശകാര്യ ഉദ്യോഗസ്ഥൻ പറഞ്ഞു.

അമേരിക്ക നൽകിയ സഹായത്തിന് കളവും ചതിയുമാണ് പാക്കിസ്ഥാൻ തിരികെ നൽകിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചതിന് പിന്നാലെയാണ് ഈ നടപടിയും. ഇതിലൂടെ എത്രത്തോളം ഗൗരവമായാണ് അമേരിക്ക ഈ പ്രശ്നത്തെ നോക്കിക്കാണുന്നതെന്ന് പാക്കിസ്ഥാൻ മനസിലാക്കിക്കാണുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.

“സാമ്പത്തികമായ ഉപരോധം മാത്രമല്ല. മറ്റ് പല വഴികളും ഞങ്ങൾ സ്വീകരിക്കുന്നുണ്ട്. പാക്കിസ്ഥാൻ ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നത് വരെ ഈ സമ്മർദ്ദം തുടരും”, ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

“പാക്കിസ്ഥാന്റെ മറുപടിക്കായാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം ശക്തമാകണമെന്നാണ് ആഗ്രഹം.” അദ്ദേഹം വിശദീകരിച്ചു. അതേസമയം എന്ത് നടപടിയാണ് ഇനി പാക്കിസ്ഥാനെതിരെ നടക്കാൻ പോകുന്നതെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല. ഭീകരർക്ക് എതിരായ പോരാട്ടത്തിൽ പാക് സൈന്യവുമായി ഇനി അമേരിക്ക സഹകരിക്കുമോയെന്ന് വ്യക്തമല്ല.

“ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഓരോ അമേരിക്കക്കാരനോടും ഞങ്ങൾക്ക് ബാധ്യതയുണ്ട്. അഫ്ഗാനിസ്ഥാനിലെ ഭീകരർക്ക് എതിരായ പോരാട്ടം തുടരും”, അദ്ദേഹം പറഞ്ഞു.

“പാക്കിസ്ഥാനുമായി സഹകരണം പുന:സ്ഥാപിക്കാൻ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. ഭീകരവാദത്തിനെതിരെ നിലപാട് ശക്തിപ്പെടുത്തിയാൽ എല്ലാ സഹകരണവും തുടരാനാകും”, ജനറൽ മാറ്റിസ് പറഞ്ഞു. എന്നാൽ പാക്കിസ്ഥാൻ ഇപ്പോഴും അമേരിക്കയോട് രൂക്ഷമായ ഭാഷയിലാണ് മറുപടി പറഞ്ഞിരിക്കുന്നത്. ചതിയനോടെന്ന വണ്ണമാണ് വളരെക്കാലത്തെ സുഹൃത്തിനോട് അമേരിക്ക പെരുമാറുന്നതെന്നാണ് വിദേശകാര്യ മന്ത്രി ഖവാജ ആസിഫ് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ