വാഷിങ്ടണ്‍: ചരിത്ര പ്രസിദ്ധമായ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് ഔദ്യോഗികമായി അംഗീകരിക്കുമെന്ന് വിവരം. യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റി സ്ഥാപിക്കാനും ട്രംപ് ഇന്ന് ഉത്തരവിട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പതിറ്റാണ്ടുകളായി യുഎസ് തുടര്‍ന്നുവരുന്ന നയത്തിനു വിരുദ്ധമാണ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പരിഗണിക്കാനുള്ള ട്രംപിന്റെ നീക്കം.

ട്രംപിന്റെ നീക്കത്തിനെതിരേ പലസ്തീന്‍ സര്‍ക്കാരും സംഘടനകളും പ്രതിഷേധമറിയിച്ചിട്ടുണ്ട്. നിലവില്‍ ടെല്‍ അവീവാണ് ഇസ്രായേല്‍ തലസ്ഥാനം. ഭാവിയില്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ തലസ്ഥാനമായി പരിഗണിക്കുന്ന ജറുസലേമിനുമേല്‍ പലസ്തീനുള്ള അവകാശം നിഷേധിക്കുന്ന തരത്തിലുള്ള നടപടികളില്‍ നിന്നു ട്രംപ് പിന്‍മാറണമെന്നു പലസ്തീന്‍ സ്വാതന്ത്ര്യ പ്രസ്ഥാനം (പിഎല്‍ഒ) ആവശ്യപ്പെട്ടു.

ജറുസലേം വിഷയത്തില്‍ കൂട്ടമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനം കെക്കൊള്ളൂ എന്നായിരുന്നു മുന്‍ അമേരിക്കന്‍ പ്രഡിഡന്റുമാരുടെ നിലപാട്. എന്നാല്‍ ഇസ്രായേലിനു മേല്‍ അമിത താല്‍പര്യം കാണിക്കുന്ന ട്രംപ് നേരത്തെ ഇസ്രായേലിലെ അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്നു ജറുസലേമിലേക്ക് മാറ്റുമെന്നു പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പുതിയ നീക്കത്തില്‍ അമര്‍ഷം പൂണ്ട പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ കടുത്ത എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള യുഎസിന്റെ ബന്ധം വഷളാവാന്‍ ഇതു കാരണമാകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. നഗരത്തിനു മേലുള്ള ഇസ്രായേലിന്റെ അവകാശവാദത്തെ അന്താരാഷ്ട്ര സമൂഹം ഇതുവരെ അംഗീകരിച്ചില്ല. ഭാവിയില്‍ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരണം സാധ്യമായാല്‍ പലസ്തീനികള്‍ തലസ്ഥാനമാക്കാന്‍ പരിഗണിക്കുന്നത് ജറുസലേമിനെയാണ്.

പലസ്തീന്‍-ഇസ്രായേല്‍ സമാധാന ശ്രമങ്ങളെ തകര്‍ക്കാന്‍ ട്രംപിന്റെ പ്രഖ്യാപനം കാരണമാവുമെന്നു പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നാബില്‍ അബുര്‍ദൈനഹ് പ്രതികരിച്ചു. മേഖലയെ അസ്ഥിരപ്പെടുത്താന്‍ ഈ നീക്കം കാരണമാവും. ഇസ്രായേലിനേയും ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തെത്തിച്ച ഇസ്രായേല്‍ അനുകൂലികളായ വലതുപക്ഷത്തേയും തൃപ്തിപ്പെടുത്തുന്നതാണ് വരാന്‍ പോവുന്ന പ്രഖ്യാപനത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജറുസലേം വിഷയം പലസ്തീനികളുടെ മാത്രമല്ലെന്നും ലോകത്തെമ്പാടുമുള്ള അറബ്-ഇസ്‌ലാമിക്-ക്രിസ്ത്യന്‍ വിഭാഗക്കാരെ സംബന്ധിച്ച സുപ്രധാനമായ വിഷയമാണെന്നും യുഎസ് ഭരണകൂടത്തെ എല്ലാവരും ധരിപ്പിച്ചിരുന്നതാണെന്നു പിഎല്‍ഒ നിര്‍വാഹക സമിതി ജനറല്‍ സെക്രട്ടറി സാഏബ് ഇറെകാത് പറഞ്ഞു.

പുണ്യസ്ഥലമായ അല്‍ അഖ്‌സ മസ്ജിദ് ഉള്‍പ്പെടുന്ന ജറൂസലേം പ്രദേശം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കുന്നത് വലിയ പ്രശ്‌നമാണ്. യുഎസ് തീകൊണ്ടാണ് കളിക്കുന്നതെന്നും ഇറെകാത് അഭിപ്രായപ്പെട്ടു. തലസ്ഥാനമായി കിഴക്കന്‍ ജറുസലേമില്ലെങ്കില്‍ പലസ്തീന്‍ രാഷ്ട്രത്തിന് അര്‍ഥമില്ലാതായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ