വാഷിംഗ്‌ടൺ: ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണ ഉടമ്പടി കരാറുമായി ബന്ധപ്പെട്ട നിയമ ഭേദഗതി അമേരിക്കയിലെ പ്രതിനിധി സഭ പാസാക്കി. 621.5 ബില്യൺ ഡോളറിന്റേതാണ് പ്രതിരോധ പദ്ധതി. സഭയിലെ ഇന്ത്യൻ-അമേരിക്കൻ പ്രതിനിധി അമി ബെരയാണ് ഈ നിയമ ഭേദഗതി അവതരിപ്പിച്ചത്.

ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രതിരോധ സഹകരണ പദ്ധതിയുടെ നയത്തിന് രൂപം നൽകുന്നത് ആഭ്യന്തര – പ്രതിരോധ വകുപ്പ് സെക്രട്ടറിമാർ ചേർന്നാണ്. അമേരിക്ക ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യവും ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമാണെന്നും, ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നത് ഏറെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണെന്നും ബെര വ്യക്തമാക്കി.

ഈ ബിൽ പാസാക്കിയതിലെ സന്തോഷം പങ്കുവച്ച ബെര, ഇതുമായി ബന്ധപ്പെട്ട പ്രതിരോധ മന്ത്രാലയത്തിന്റെ നയം എപ്രകാരമാകുമെന്നാണ് ഉറ്റുനോക്കുന്നത്. “പൊതുവായ സുരക്ഷ വെല്ലുവിളികൾ, സഖ്യ രാഷ്ട്രങ്ങൾ, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ സഹകരണം എന്നിവയിൽ പ്രതിരോധ മന്ത്രാലയം സ്വീകരിക്കുന്ന നിലപാടുകൾ എന്താകുമെന്നാണ് ഞാൻ ഉറ്റുനോക്കുന്നത്”, എന്ന് അമി ബെര പറഞ്ഞു.

അടുത്ത ആറ് മാസത്തിനുള്ളിൽ രണ്ട് വകുപ്പിലെയും സെക്രട്ടറിമാർ ചേർന്ന് ഈ പ്രതിരോധ സഹകരണ പദ്ധതിയുടെ നയം രൂപീകരിക്കും. ദേശീയ പ്രതിരോധ അധികാര നിയമത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവയ്ക്കുന്നതിന് മുൻപ് അമേരിക്കൻ സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.

പ്രതിരോധ സഹകരണവുമായി ഇന്ത്യയും അമേരിക്കയും മുന്നോട്ട് പോകുന്നത് ഇരു രാജ്യങ്ങളുടെ സുരക്ഷ കൂടുതൽ മികച്ചതാക്കുമെന്ന് പ്രതിരോധ വകുപ്പിലെ അസിസ്റ്റന്റ് സെക്രട്ടറി കാര എബർക്രോംബി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളുടെയും താത്പര്യങ്ങൾ ഒന്നു തന്നെയാണെന്ന് ന്യൂയോർക്കിൽ ഒരു പൊതുപരിപാടിയിൽ അവർ വിശദീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ