ലക്‌നൗ: തന്റെ ഭാര്യയ്ക്ക് വോട്ട് ചെയ്തില്ലെങ്കിൽ ബിജെപി ഭരണത്തിൻ കീഴിൽ ഒരുപാട് കഷ്ടപ്പെടേണ്ടി വരുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ഭാര്യ സാഷിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു കൗണ്‍സിലര്‍ കൂടിയായ രണ്‍ജീത് കുമാര്‍ ശ്രീവാസ്തവ ഭീഷണി മുഴക്കിയത്.

‘സമാജ്‌വാദി പാർട്ടിയുടെ ഭരണമല്ല ഇപ്പോൾ ഇവിടെയുളളത്. ഡിഎമ്മിന്റെ അടുത്തോ എസ്‌പിയുട അടുത്തോ നിങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി പോകാനാവില്ല. ഒരു നേതാക്കളും നിങ്ങളെ സഹായിക്കാൻ വരില്ല. റോഡുകള്‍, ഓവ്ചാലുകള്‍ എന്നിവയെല്ലാം പ്രാദേശികഭരണകൂടത്തിനു കീഴിലാണ് വരിക. ഇതു മാത്രമല്ല മറ്റനവധി ബുദ്ധിമുട്ടുകളും നിങ്ങൾക്ക് അനുഭവിക്കേണ്ടി വരും. നിങ്ങൾ എന്റെ ഭാര്യയ്ക്ക് വോട്ട് ചെയ്യാതിരുന്നാൽ ഇപ്പോൾ അനുഭവിക്കുന്നതിനെക്കാൾ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും”.

”അതുകൊണ്ട്‌ ഞാന്‍ പറയുകയാണ്, മുസ്ലീംകളേ നിങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യണം. ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയല്ല. വോട്ട് ചെയ്താൽ നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാകും. മറിച്ചായാൽ നിങ്ങൾ അതിന്റെ ഭവിഷ്യത്തുകൾ നേരിടും”. ഇതായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി.

യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ സന്നിഹിതരായിരുന്ന വേദിയിലാണ് രണ്‍ജീത് ഭീഷണി മുഴക്കിയത്. മന്ത്രിമാരിലൊരാളായ ധാരാ സിങ് ചൗഹാന്‍ രണ്‍ജീതിന്റെ വാക്കുകളോട് പിന്നീട് വിയോജിപ്പ് രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ