ലക്‌നൗ: മഥുരാ ജില്ലയിലെ വൃന്ദാവനം ബര്‍സാന എന്നീ പട്ടണങ്ങളെ ‘പവിത്ര തീര്‍ഥാടന കേന്ദ്രമായി’ പ്രഖ്യാപിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ വിജ്ഞാപനം. ഈ രണ്ടു പട്ടണങ്ങളിലും മദ്യവും മാംസവും നല്‍കുന്ന കടകള്‍ക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ടാണ് സര്‍ക്കാരിന്‍റെ വിജ്ഞാപനം. ” ഇപ്പോള്‍ മുതല്‍ അറിയിപ്പുലഭിച്ച ഇടങ്ങളില്‍ മദ്യവും മാംസവും വില്‍ക്കുന്നത് നിരോധിച്ചിരിക്കുന്നു. സര്‍ക്കാര്‍ രേഖകളില്‍ പവിത്ര കേന്ദ്രങ്ങളായി രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളാണ് വൃന്ദാവനും ബര്‍സാനയും” പ്രിന്‍സിപ്പല്‍ സെക്രട്ടറി (മതപരമായ കാര്യങ്ങൾ) അവിനിഷ് കുമാര്‍ അശ്വതി പറഞ്ഞു.

ഉത്തരാഖണ്ട് സംസ്ഥാനം ഉത്തര്‍ പ്രദേശിന്‍റെ ഭാഗമായിരുന്ന കാലത്ത് ഹരിദ്വാറിനെയും ഇത്തരത്തില്‍ ‘തീര്‍ഥാടന കേന്ദ്രമാക്കി’ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഈയടുത്താണ് ഗ്രാമപഞ്ചായത്തായിരുന്ന വൃന്ദാവന്‍ മഥുര മുനിസിപ്പാലിറ്റിയില്‍ ലയിപ്പിക്കുന്നത്. ബര്‍സാന ഒരു നഗര പഞ്ചായത്താണ്. അടുത്ത മാസം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് ഈ രണ്ടു സ്ഥലങ്ങളും.

നഗരവികസനം, എക്സൈസ്, ഫുഡ്‌ ആന്‍റ് ഡ്രഗ് , പൊതുഭരണം, അഭ്യന്തരം എന്നീ വകുപ്പുകള്‍ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ