ചെന്നൈ: കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവം കൂടുതൽ കരുത്താർജ്ജിക്കുന്നു. ശശികല പക്ഷത്തുനിന്നും രണ്ടു എംപിമാർ കൂടി പനീർസൽവത്തിനൊപ്പം ചേർന്നു. നാമക്കൽ എംപി പി.ആർ.സുന്ദരം, കൃഷ്ണഗിരി എംപി അശോക് കുമാർ എന്നിവരാണ് പനീർസെൽവം പക്ഷത്തിലെത്തിയത്. എഐഎഡിഎംകെ പുതുച്ചേരി ഘടകവും പനീർസെൽവം പക്ഷത്തേക്ക് അടുക്കുന്നതായി സൂചനകളുണ്ട്. ഇതുസംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്ന് പോണ്ടിച്ചേരി എംഎൽഎ അൻപഴകൻ പറഞ്ഞു.

അതിനിടെ, അണ്ണാ ഡിഎംകെ എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന മഹാബലിപുരത്തെ റിസോർട്ടിൽ പൊലീസ് സംഘത്തിനൊപ്പമെത്തി ആർഡിഒ പരിശോധന നടത്തി. ഹൈക്കോടതി നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് റിസോർട്ടിൽ വന്നതെന്നും തടവിൽ അല്ലെന്നും പരിശോധനയ്ക്കു പിന്നാലെ പുറത്തെത്തിയ രണ്ടു എംഎൽഎമാർ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണറിൽ വിശ്വാസമുണ്ട്. പനീർസെൽവം പക്ഷത്തുനിന്നും ഭീഷണിയുണ്ട്. ഈ സാഹചര്യത്തിലാണ് മാറി താമസിക്കുന്നത്. സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതുവരെ ഇവിടെ തുടരുമെന്നും എംഎൽഎമാർ പറഞ്ഞു.

എംഎൽഎമാർ തടങ്കലിലാണെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി ഇന്നലെ സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് എംഎൽഎമാർ താമസിക്കുന്നിടത്ത് പരിശോധന നടത്തിയത്. 90 പേരെ മഹാബലിപുരം കൂവത്തൂരിലെ ബീച്ച് റിസോർട്ടിലും 30 പേരെ കൽപ്പാക്കം പൂന്തണ്ടലത്തെ റിസോർട്ടിലാണു ശശികല പക്ഷം താമസിപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ