വാഷിങ്ടണ്‍: ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിളിന് ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ ഇന്ത്യയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറക്കുമതി ചെയ്യുന്ന വലിയ ബ്രാന്റ് മോട്ടോര്‍ സൈക്കിളിന് 50 ശതമാനം വരെ തീരുവ കുറച്ചിട്ടും ഇത്രയും ചെലവാകുന്നത് അന്യായമാണെന്ന് ട്രംപ് പറഞ്ഞു.

സ്റ്റീല്‍ വ്യവസായത്തെ കുറിച്ചുളള ചര്‍ച്ചയ്ക്കിടെയാണ് ട്രംപ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുമ്പോഴും നികുതി കൂട്ടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മോട്ടോര്‍സൈക്കിള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അമേരിക്ക നികുതിയൊന്നും തന്നെ ഈടാക്കുന്നില്ല. എന്നാല്‍ ഇന്ത്യ 75 ശതമാനത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക് താഴ്ത്തി. ഇത് അപര്യാപ്തമാണെന്നും ട്രംപ് വ്യക്തമാക്കി.

പല രാജ്യങ്ങളിലും ഇറക്കുമതിയും കയറ്റുമതിയും ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിലേത് അന്യായമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നടത്തിയ സംഭാഷണത്തേയും ട്രംപ് പേര് പരാമര്‍ശിക്കാതെ പരിഹസിച്ചു. ‘മാന്യനായ ഒരാള്‍ എന്നെ ഇന്ത്യയില്‍ നിന്നും വിളിച്ചിരുന്നു. 75 ശതമാനം ആയിരുന്ന ഇറക്കുമതി ചുങ്കം 50 ആക്കി കുറച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇവിടെ അമേരിക്കയില്‍ ഇന്ത്യയുടെ പല മോട്ടോര്‍സൈക്കിളും ഇറക്കുമതി ചെയ്യുന്നുണ്ട്. ഞങ്ങള്‍ എത്രയാണ് തീരുവ ചുമത്തുന്നതെന്ന് അറിയാമോ? ഒന്നും ചുമത്തുന്നില്ല’, ട്രംപ് പറഞ്ഞു.

‘അതുകൊണ്ട് തന്നെ പരസ്‌പരം പൊരുത്തപ്പെടുന്ന ഒരു നികുതി ആണ് വേണ്ടത്. ഇന്ത്യയെ ഞാന്‍ കുറ്റപ്പെടുത്തുകയല്ല. ജനങ്ങള്‍ ഇത് എങ്ങനെ സമ്മതിക്കുന്നു എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഇത് അന്യായമായ നികുതി നിരക്കാണെന്ന് പറയാതെ വയ്യ’, ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ