ഹൈദരാബാദ്: തെലങ്കാന സര്‍ക്കാര്‍ സംഘടിപ്പിച്ച സൗജന്യ സാരി വിതരണത്തിനൊടുവില്‍ കൂട്ടത്തല്ലായി. ദസറ ആഘോഷവുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ പാവപ്പെട്ട സ്ത്രീകള്‍ക്കായി സാരി വിതരണം സംഘടിപ്പിച്ചത്. ഭരണ കക്ഷിയായ ടിആര്‍എസ് നേതാക്കളാണ് സാരി വിതരണം ചെയ്തത്.

ദസറ ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന ഒമ്പത് ദിവസം നീണ്ട് നിൽക്കുന്ന ബത്തുക്കമ്മ ഫെസ്‌റ്റിവലിന് സാരി ധരിച്ച സ്ത്രീകൾ പൂക്കളത്തിന് ചുറ്റും നൃത്തം ചെയ്യുന്നത് ഇവിടുത്തെ ആചാരമാണ്. ഇതിനായി ഇവിടുത്തെ 500 നിർധന സ്ത്രീകൾക്കാണ് സാരി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി പകുതിയോളം സാരികൾ ഗുജറാത്തിൽ നിന്നും ബാക്കിയുള്ളവ തെലങ്കാനയിലെ തുണിമില്ലുകളിൽ നിന്നും കൊണ്ട് വന്നു. എന്നാൽ തമിഴ്നാട് സർക്കാരിന്റെ അമ്മ സാരി മാതൃകയിൽ വിതരണം ചെയ്യാനിരുന്ന പദ്ധതി തുടക്കത്തിൽ തന്നെ പാളി.

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി പ്രവർത്തകർ സാരി വിതരണം തുടങ്ങിയപ്പോൾ തന്നെ ചിലയിടങ്ങളിൽ പ്രശ്‌നങ്ങൾ തുടങ്ങി. ഹൈദരാബാദിലെ സായിബാദിൽ നടന്ന പരിപാടിക്കിടെ നീണ്ട ക്യൂവിൽ നിന്ന സ്ത്രീകൾ പരസ്‌പരം പോരടിക്കാനും മുടിയിൽ പിടിച്ച് വലിക്കാനും തുടങ്ങി. സമീപത്തുണ്ടായിരുന്ന പൊലീസുകാർ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ വിഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ പ്രതിപക്ഷ പാർട്ടികളാണ് പരിപാടി അലങ്കോലമാക്കിയതെന്ന് ടിആർഎസ് പ്രവർത്തകർ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ