ചെന്നൈ: കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കാണാന്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ സശികല എത്തി. തമിഴ്നാട്ടിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി തനിക്കുള്ള പിന്തുണ ഉറപ്പാക്കാനാണ് ശശികല റിസോര്‍ട്ടിലെത്തിയതെന്നാണ് സൂചന. ഇതിനിടെ റിസോര്‍ട്ടിന് പുറത്ത് പനീര്‍സെല്‍വം അനുകൂലികള്‍ എംഎല്‍എമാരെ കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.

ക്ഷമ പരീക്ഷകരുതെന്നും തമിഴ്‌നാടിന്റെ നന്മ കണക്കിലെടുത്ത് തീരുമാനം ഉടന്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് എംഎല്‍എമാരെ കാണാനെത്തിയത്.

എല്ലാ എംഎല്‍എമാരും ഒന്നിച്ചുനില്‍ക്കണമെന്നും മറ്റുള്ളവരും അധികം താമസിക്കാതെ നമുക്കൊപ്പം ചേരുമെന്നും ശശികല മാധ്യമങ്ങളോട് പ്രതികരിച്ചു. ജയലളിത എന്നോടൊപ്പമുള്ളത്രയും കാലം ചിലരുടെ ഗൂഢാലോചനകളൊന്നും ഫലിക്കില്ല. പാര്‍ട്ടിയേയും സര്‍ക്കാരിനെയും നയിക്കേണ്ടത് എന്റെ ചുമതലയാണ്. ഒന്നരക്കോടി സഹോദരങ്ങളെയും സഹോദരിമാരെയും എനിക്കു നല്‍കിയിട്ടാണ് അമ്മ പോയത്- ശശികല പ്രവര്‍ത്തകരോടായി പറഞ്ഞു.

കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിനു പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ എത്തുന്ന സാഹചര്യത്തിലാണ് ശശികലയുടെ പുതിയ നീക്കം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ