ന്യൂഡൽഹി: കുൽഭൂഷൻ ജാദവ് കേസിൽ പാക്കിസ്ഥാനെതിരെ അനുകൂല വിധി നേടാൻ സഹായിച്ചത് വിദേശകാര്യ മന്ത്രാലയത്തിലെ തന്റെ ഉദ്യോഗസ്ഥ സംഘത്തിന്റെ അവസരോചിതമായ ഇടപെടലാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കുല്‍ഭൂഷണെ രക്ഷിക്കാനുള്ള എല്ലാ വഴികളും നോക്കുമെന്നും സുഷമ വ്യക്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേയെ അഭിനന്ദനം അറിയിക്കാനും സുഷമ മറന്നില്ല.

കോടതിവിധി കുൽഭൂഷൻ ജാദവിന്റെ കുടുംബത്തിനും ഇന്ത്യയിലെ ജനങ്ങൾക്കും ആശ്വാസമാണെന്നും സുഷമ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി സുഷമ സ്വരാജിനെ അഭിനന്ദനവും അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ ഫലപ്രദമായ ഇടപെടലാണ് ഇന്ത്യയുടെ വിജയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
കുല്‍ഭൂഷണെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്റെ നടപടി റദ്ദാക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ആവശ്യപ്പെട്ട ഇന്ത്യയുടെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കുല്‍ഭൂഷന്റെ വധശിക്ഷ കോടതി സ്റ്റേ ചെയ്തത്. അന്തിമ വിധി ഉണ്ടാകുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് കോടതി നിര്‍ദേശം. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളാണ് ഇതോടെ വിജയിച്ചത്.

റോണി എബ്രഹാം അദ്ധ്യക്ഷനായ അന്താരാഷ്ട്ര കോടതിയുടെ 11 അംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജാദവിനെ തടവിലാക്കിയതുമായി ബന്ധപ്പെട്ട വിരങ്ങള്‍ ഇന്ത്യയുമായി പങ്കുവെക്കുന്നതില്‍ പാക്കിസ്ഥാൻ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാനാകില്ലെന്ന പാക്ക് വാദവും കോടതി തള്ളി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ