ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ബ്രസീലിയൻ ഹാക്കർമാരാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. അതേസമയം വെബ്സൈറ്റ് പൂർവ്വാവസ്ഥയിലേക്ക് മാറ്റാൻ ശ്രമം തുടങ്ങി.

ഹാക്ക് ചെയ്യപ്പെട്ട ശേഷം സുപ്രീം കോടതി വെബ്സൈറ്റ് തുറന്നവർക്ക് കാണാനായത് ഹാക്ക് ചെയ്തത് ഹൈടെക് ബ്രസീൽ ടീം ആണെന്ന കുറിപ്പും ഒരു ചെടിയുടെ ഇലയെന്ന് തോന്നിക്കുന്ന ചിത്രവുമാണ്.

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് വീണ്ടും അന്വേഷിക്കണമെന്ന ഹർജി സുപ്രീം കോടതി തളളി നിമിഷനേരത്തിനുളളിലാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. അതേസമയം, ഹാക്കർമാർക്ക് പിന്നിലെ യഥാർത്ഥ പ്രേരണ എന്തെന്ന് വ്യക്തമായിട്ടില്ല.

ജസ്റ്റിസ് ബി.എച്ച്.ലോയയുടെ ദുരൂഹ മരണത്തിൽ പ്രത്യേക അന്വേഷണമില്ല; കേസ് തീർപ്പാക്കിയെന്ന് സുപ്രീംകോടതി

നിരവധി പേരാണ് വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. അതേസമയം ഏറ്റവും അവസാനം സൈറ്റ് തുറന്നപ്പോൾ site under maintenance എന്നാണ് കാണാൻ സാധിച്ചത്.

ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ദിവസങ്ങൾക്ക് മുൻപ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പിന്നാലെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റും തകർക്കപ്പെട്ടു. ഇതിന് ശേഷമാണ് സുപ്രീം കോടതി വെബ്സൈറ്റ് വിദേശ ശക്തികൾ തകർത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ