ലഖ്‌നൗ: വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടന്നെന്നു പറഞ്ഞു കരയാതെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ നിങ്ങളെ ഉപേക്ഷിച്ചു എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളൂ എന്ന് സമാജ്‌വാദി പാര്‍ട്ടിയോട് ബിജെപി. തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീന്‍ ഉപേക്ഷിച്ചുകൊണ്ട് പഴയതുപോലെ കടലാസുകളുപയോഗിച്ചുള്ള ബാലറ്റ് സംവിധാനത്തിലേക്ക് പോവണം എന്ന എസ് പി അധ്യക്ഷൻ അഖിലേഷ് യാദവിന്‍റെ പ്രസ്താവനയ്ക്കു മറുപടി നല്‍കുകയായിരുന്നു ബിജെപി വക്താവ് രാകേഷ് ത്രിപാഠി.

ഈയടുത്ത് നടന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മുന്നെങ്ങും ഇല്ലാത്തത്രയും റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തില്‍ ബി ജെ പി ജയിച്ചിരുന്നു. മുന്‍ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രിക്ക് വോട്ടിങ് മെഷീനേയും സംസ്ഥാനത്തെ ജനങ്ങള്‍ അനുശാസിക്കുന്നവരേയും അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ് എന്നും ബി ജെ പി വിമര്‍ശിച്ചു.

“ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഒരു സുനാമിയാണ്. അത് ജാതി ഫോര്‍മുലകളെയൊക്കെ ഉന്മൂലനം ചെയ്തു. ജാതിക്കും മതത്തിനും അതീതമായ രാഷ്ട്രീയമാണ് ഇനിയുള്ള കാലത്ത് എന്ന് പ്രാദേശിക സ്വേച്ഛാധിപതികളെ ഓര്‍മിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഉത്തര്‍ പ്രദേശിലേത്.” ബിജിപി വക്താവ്  പറഞ്ഞു.

“ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ശരിയാണോ തെറ്റാണോ എന്ന സംവാദമല്ല. കൂടുതല്‍ വിശ്വാസ്യതയുള്ള ബാലറ്റ് പേപ്പര്‍ സംവിധാനം ഉപയോഗിച്ച് ഭാവിയിലെ തിരഞ്ഞെടുപ്പുകള്‍ നടത്തണം എന്നതാണ് ഞങ്ങളുടെ അഭിപ്രായം.” അഖിലേഷ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ