ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തര സർവ്വീസ് നടത്തുന്ന വിമാനങ്ങളിൽ മുഴുവൻ സമയവും മൊബൈലും ഇന്റർനെറ്റും ഉപയോഗിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ശുപാർശ ചെയ്തു. വളരെ വിശദമായി ഈ വിഷയം ചർച്ച ചെയ്ത ശേഷമാണ് മൊബൈലും ഇന്റർനെറ്റും ഉപയോഗിക്കാനുളള അനുമതി നൽകുന്നത്.

ഏറ്റവും കുറഞ്ഞത് 3000 മീറ്റർ ഉയരത്തിൽ വരെ മൊബൈൽ ഉപയോഗിക്കാൻ സാധിക്കണമെന്നാണ് പുതിയ നിർദ്ദേശം. സാധാരണ ടേക് ഓഫ് ചെയ്ത വിമാനം 4-5 മിനിറ്റിനുളളിൽ ഈ ദൂരം താണ്ടാറുണ്ട്.

ഇതിനായി ഇൻ ഫ്ലൈറ്റ് കണക്ടിവിറ്റി സർവ്വീസസ് എന്ന പേരിൽ പ്രത്യേക സേവന ദാതാവിന് രൂപം നൽകാനും ട്രായ് തീരുമാനിച്ചു. തുടക്കത്തിൽ വിമാനത്തിൽ ഈ സേവനം നൽകാൻ സഹായിക്കുന്ന സേവന ദാതാവിൽ നിന്ന് ഒരു രൂപ പ്രതിവർഷം നിരക്ക് ഈടാക്കാനാണ് തീരുമാനം.

ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന് കീഴിൽ രജിസ്റ്റർ ചെയ്ത ഏത് സേവന ദാതാവിനും ഈ കരാർ ഏറ്റെടുക്കാനാവും. വിദേശ കമ്പനികൾക്കും വിലക്കുകളില്ല. നിബന്ധനകൾ ഇന്ത്യയിൽ നിന്നുളള സ്ഥാപനങ്ങൾക്കും വിദേശ കമ്പനികൾക്കും ഒന്നുപോലെയായിരിക്കുമെന്ന് ട്രായ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ