ന്യൂഡൽഹി: സജീവ രാഷ്‌ടീയത്തിൽ നിന്നും വിട്ടുനിൽക്കാനാഗ്രഹിക്കുന്നതായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മകൻ രാഹുൽ ഗാന്ധി പാർട്ടിയുടെ അധ്യക്ഷ പദം ശനിയാഴ്ച ഏറ്റെടുക്കാനിരിക്കെ എൻഡിടിവിയോടാണ് സോണിയ ഇക്കാര്യം സൂചിപ്പിച്ചത്.

ഭർത്താവ് രാജീവ് ഗാന്ധിയുടെ വധത്തിനു ശേഷം ഏഴു വർഷം കഴിഞ്ഞു. 1998 ലാണ് പാർട്ടിയെ നയിക്കാനായി സോണിയ ഗാന്ധി അധ്യക്ഷ പദത്തിൽ എത്തിയത്. രാഹുൽ ഗാന്ധിയെ കോൺഗ്രസിന്റെ തലപ്പത്തു പ്രതിഷ്ഠിക്കാൻ ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ തന്നെ സോണിയ ഗാന്ധിയുടെ പിൻവാങ്ങലിനെ പറ്റിയുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

നെഹ്‌റു കുടുംബത്തിൽ നിന്നും കോൺഗ്രസിനെ നയിക്കുന്ന ആറാമത്തെ അംഗമാണ് രാഹുൽ ഗാന്ധി. ‘ഔറംഗസിബ് രാജാ’ണ് കോൺഗ്രസ് പാർട്ടിയിൽ എന്ന് രാഹുൽ ഗാന്ധിയുടെ അധ്യക്ഷ പദത്തെ പരിഹസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ഗുജറാത്തിൽ മോദിക്കെതിരെ ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് രാഹുൽ ഗാന്ധി നയിച്ചത്. അതേസമയം പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത് ഗുജറാത്തിൽ ബിജെപി തിരിച്ചു വരുമെന്ന് മാത്രമല്ല ഹിമാചൽപ്രദേശിൽ പാർട്ടി അധികാരത്തിൽ എത്തുമെന്നാണ്. അങ്ങിനെയാണെങ്കിൽ രണ്ടു വലിയ തോൽവികളുടെ പശ്ചാത്തലത്തിലായിരിക്കും രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണവും, അമ്മ സോണിയ ഗാന്ധിയുടെ പിന്മാറ്റവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ