കൊൽക്കത്ത: യുവ ജനങ്ങളെ ശാസ്ത്ര സാങ്കേതിക വിദ്യയിൽ തൽപരരാകാൻ പ്രാദേശിക ഭാഷയുടെ ഉപയോഗം വർധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശാസ്ത്രജ്ഞരോട് ആഹ്വാനം ചെയ്തു. കൊൽക്കത്തയിൽ പ്രൊഫ.സത്യേന്ദ്ര നാഥ് ബോസിന്റെ 125-ാമത് ജന്മ വാർഷിക അനുസ്മരണ ദിനത്തിന് മുന്നോടിയായി നടന്ന സമ്മേളനത്തെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ശാസ്ത്രം പ്രാദേശിക ഭാഷയിൽ പഠിപ്പിക്കുന്നതിനെ ഏറെ പിന്തുണച്ചിട്ടുള്ള ഒരു വ്യക്തി ആയിരുന്നു ജെ.സി.ബോസ്. അതിനു വേണ്ടി അദ്ദേഹം പോരാടിയിരുന്നു”- മോദി ചൂണ്ടിക്കാട്ടി. ബംഗാളിയിൽ ‘ഗ്യാൻ ഓ ബിഗ്യൻ’ എന്ന ശാസ്ത്ര മാസിക സ്ഥാപിച്ചത് യുവജനങ്ങളെ അന്ന് ശാസ്ത്രത്തോടും സാങ്കേതികതയോടും ഏറെ അടുപ്പിച്ചിരുന്നു എന്നും മോദി പറഞ്ഞു. “ശാസ്ത്രത്തെ ജനങ്ങളോട് അടുപ്പിക്കേണ്ടത് അനിവാര്യമാണ്. ഇതിനു ഭാഷ ഒരു തടസ്സമാകരുത് പകരം സാധ്യതയാവണം”, അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് അവയെ പരിഹരിക്കുന്നത് കൂടിയായിരിക്കണം ശാസ്ത്രത്തിലെ ചുവടു വയ്പുകൾ. ജനങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുവാൻ പുതിയ കണ്ടുപിടുത്തങ്ങൾക്കു കഴിയണം – മോദി പറഞ്ഞു.

“ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങൾ പരീക്ഷണ ശാലയിൽ തന്നെ ഒതുങ്ങി നിൽക്കാൻ അനവദിച്ചു കൂടാ. അതിരുകൾ കടന്നു അവയുടെ ഫലം ജനങ്ങൾക്കിടയിലെത്തണം അപ്പോൾ മാത്രമേ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന് ഫലപ്രാപ്തിയുണ്ടാവുകയുള്ളൂ “, പ്രധാന മന്ത്രി അഭിപ്രായപ്പെട്ടു. ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തം കൊണ്ട് ഒരു പാവപ്പെട്ടവന്റെ ജീവിതത്തിൽ മാറ്റം ഉണ്ടാവുകയോ, മധ്യ വർഗ്ഗത്തിന്റെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് ശാസ്ത്ര കണ്ടുപിടുത്തങ്ങൾ അർത്ഥപൂർണമാവുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം നന്മ നിറഞ്ഞ വിഷയങ്ങളാകട്ടെ നിങ്ങളുടെ കണ്ടുപിടിത്തങ്ങളുടെ അടിസ്ഥാനം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മറ്റു സ്ഥാപനങ്ങളിലുള്ള ശാസ്ത്രജ്ഞരുമായി സഹകരിച്ചു പ്രവർത്തിക്കുന്നത് വഴി പ്രവർത്തനത്തിന്റെയും ഫലപ്രാപ്തിയുടെയും വ്യാപ്തി വർധിപ്പിക്കാൻ കഴിയും. “ഒന്നല്ലെങ്കിൽ മറ്റൊരു കാരണം കൊണ്ട് ശാസ്ത്രജ്ഞർ ഇന്ന് ഓരോ തുരുത്തുകളായാണ് പ്രവർത്തിക്കുന്നത്. മറ്റു ശാസ്ത്രജ്ഞരുമായോ, സ്ഥാപനങ്ങളുമായോ, പരീക്ഷണ ശാലകളുമായോ സഹകരിക്കുന്നില്ല. സ്വന്തം പരിധിയിൽ നിന്നും പുറത്തു കടക്കുന്ന ഊർജ തന്മാത്രയെപോലെ ഓരോ ശാസ്ത്രജ്ഞനും അവന്റെ കഴിവിന്റെ പരകോടിയിൽ എത്താനും ഭാരതീയ ശാസ്ത്രത്തിന്റെ സുവർണ കാലഘട്ടത്തിൽ പ്രവേശിക്കാനും സാധിക്കണം. ശാസ്ത്രം ബഹുതലങ്ങളെ സ്പർശിക്കേണ്ടതും, അതിനു പരിപോഷണവും വേണ്ട ഈ സാഹചര്യത്തിൽ ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമായിത്തീർന്നിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ശാസ്ത്ര പുരോഗതിക്കായി ബിജെപി സർക്കാർ കൈകൊണ്ടു വരുന്ന നൂതന പദ്ധതികളെ കുറിച്ച് പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. സർക്കാരിന്റെ ശാസ്ത്ര പോർട്ടൽ പലതലങ്ങളിലായാണ് പ്രവർത്തിക്കുന്നത്. ഇതിന് സമാന മേഖലയുമായി ഒത്തുപ്രവർത്തിക്കുന്ന സംവേദന സ്വഭാവമുണ്ട്. ഗവേഷണ വികസന സ്ഥാപനങ്ങളുമായും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഈ പോർട്ടൽ സഹകരിച്ചുപ്രവർത്തിക്കുന്നു.

നഗരം കേന്ദ്രീകരിച്ചുള്ള ഗവേഷണ വികസന സ്ഥാപനങ്ങൾ രൂപീകരിച്ചു, അക്കാഡമികളെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, സ്റ്റാർട്ട് അപ്പുകളെയും കൂട്ടിയിണക്കുന്ന പദ്ധതി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ശാസ്ത്ര മേഖലയിലെ വൈദഗ്‌ധ്യങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്താൻ കഴിഞ്ഞാലേ പുരോഗതിയുണ്ടാകൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.

ക്വാണ്ടം ഫിസിക്സിലൂടെ 1920 കളിൽ ഭാരതീയ ശാസ്ത്ര ശാഖക്ക് തനതു വ്യക്തിത്വം നൽകിയ പ്രതിഭയായിരുന്നു ജെ.സി.ബോസ്. ആൽബർട്ട് ഐൻസ്റ്റീനുമായി ഒരുമിച്ച് പ്രവർത്തിച്ചു സബ് അറ്റോമിക് പാർട്ടിക്കിളിനെ നിർവചിക്കുന്നതിൽ അദ്ദേഹം വലിയ സംഭാവനകൾ നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ