ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയുടെ വീട്ടിലെ കാണാതായ പോത്തുകളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. ശനിയാഴ്ചയാണ് പോത്തിനെ കാണാതായത്. ഹര്‍ഗോണ്‍ അസംബ്ലിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എ സുരേഷ് റാഹിയുടേതാണ് കാണാതായ പോത്തുകള്‍.

പി.വി.നരസിംഹ റാവു സര്‍ക്കാരിന്റെ ഭരണകാലത്ത് കേന്ദ്രമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് രാം ലാല്‍ റാഹിയുടെ മകനാണ് സുരേഷ്. റാഹിയുടെ കാലിഫാമില്‍ കെട്ടിയിട്ടിരുന്ന രണ്ട് പോത്തുകളെയാണ് കാണാതായതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് കാവലിന് ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ദുരൂഹസാഹചര്യത്തില്‍ ഇവയെ കാണാതാവുകയായിരുന്നു.

ലക്‌നൗവില്‍ നിന്നും 90 കി.മി. അകലെയാണ് എംഎല്‍എയുടെ വീട്. സംഭവത്തില്‍ അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥ സംഘത്തിന്റേയും മേല്‍നോട്ടമുണ്ട്. സീതാപൂര്‍ കോട്വാലി പൊലീസ് സ്റ്റേഷനില‍ എഫ്ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തുളള ഗ്രാമപ്രദേശങ്ങളിലേക്കും അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് ജനങ്ങള്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത് കൊണ്ടു തന്നെ കാലികളെ കാണാതാവുന്ന പരാതികള്‍ കൂടുതലായി ലഭിക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അഖിലേഷ് യാദവ് സര്‍ക്കാരിന്റെ കാലത്ത് സമാജ്‌വാദി പാര്‍ട്ടി നേതാവായ അസംഖാന്റെ പശുക്കളെ കാണാതായത് സമാനമായ സ്ഥിതി ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇതിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ