ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഒരു ഭീകരനെ സൈന്യം വധിച്ചെന്നാണ് റിപ്പോർട്ട്. ഒരാളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.

ഇന്നലെയും ഇവിടെ ഭീകരരും സുരക്ഷാ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു. സംഭവത്തിൽ 19കാരിയായ പെൺകുട്ടിക്ക് പരിക്കേറ്റിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സൈനിക വാഹനത്തിനു നേരെ മേഖലയിൽ ഭീകരർ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.

ശനിയാഴ്ച വൈകുന്നേരം ഷോപ്പിയാനിലെ ഇമാം സാഹിബ്-ബാർബുഗ് ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനത്തിനു നേരെയായിരുന്നു ഭീകരരുടെ ആക്രമണം. നേരത്തെ ജമ്മു കാശ്‌മീരിലെ അനന്തനാഗിൽ പൊലീസ് പോസ്‌റ്റിനു നേരെയുണ്ടായ ഭീകരരുടെ വെടിവയ്പ്പിൽ പൊലീസുകാരൻ വീരമൃത്യു വരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കാശ്‌മീരിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരരുടെ ആക്രമണം ഉണ്ടാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ