ടെക്സസ്: മൂന്നുവയസുകാരി ഷെറിൻ മാത്യൂസ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുട്ടിയുടെ വളർത്തമ്മ സിനി മാത്യൂസും പൊലീസ് പിടിയിൽ. കുട്ടിയെ അപായപ്പെടുത്തിയെന്ന കുറ്റമാണ് സിനിക്ക് മേൽ ചുമത്തിയത്. വളർത്തച്ഛൻ വെസ്ലി മാത്യു നേരത്തേ പിടിയിലായിരുന്നു.

വെസ്ലിയുടെയും സിനിയുടെയും മൊഴികളിൽ വൈരുദ്ധ്യം വന്നതോടെയാണ് പൊലീസ് സിനിയെയും സംശയിച്ചത്. ഷെറിനെ വീട്ടിൽ ഒറ്റയ്ക്ക് ആക്കിയ ശേഷം സ്വന്തം മകളുമായി സിനി പുറത്ത് ഭക്ഷണം കഴിക്കാൻ പോയെന്നാണ് പൊലീസിന്റെ വിശദീകരണം. മനഃപൂർവ്വം കുട്ടിയെ അപായപ്പെടുത്തുകയും ഉപേക്ഷിക്കുകയുമാണ് സിനി ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഒക്ടോബര്‍ ഏഴിനാണു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽ നിന്നു ഷെറിനെ കാണാതായത്. രണ്ടാഴ്ച നീണ്ട അന്വേഷണത്തിന് ഒടുവിൽ വീടിന് സമീപത്തെ കലുങ്കിന് അടിയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പാൽ കുടിക്കാൻ ഷെറിൻ വിസമ്മതിച്ചപ്പോൾ നിർബന്ധിച്ച് കുടിപ്പിച്ചെന്നും ഈ സമയത്ത് ശ്വാസംമുട്ടി കുട്ടി അബോധാവസ്ഥയിലായെന്നുമാണ് വെസ്ലി മൊഴി നൽകിയത്. മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ഇദ്ദേഹം പൊലീസിനെ അറിയിച്ചത്.

നിർബന്ധിച്ചിട്ടും പാല് കുടിക്കാതിരുന്നതിനെ തുടർന്ന് വീടിന് പുറത്ത് നിർത്തിയ കുട്ടിയെ പിന്നീട് കാാണാതായെന്നായിരുന്നു ഇവർ ആദ്യം നൽകിയ പരാതി. വെസ്ലിയെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. പിന്നീടാണ് ഇയാൾ കുറ്റം സമ്മതിച്ചത്. രണ്ടു വര്‍ഷം മുന്‍പാണ് ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഷെറിനെ ഇവർ ദത്തെടുത്തത്. കുട്ടിക്കു കാഴ്ചക്കുറവും സംസാര വൈകല്യവുമുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ