ന്യൂഡൽഹി: ബീഹാറിൽ ബിജെപിക്കൊപ്പം മന്ത്രിസഭ രൂപീകരിച്ച ജെഞ്ഞിയു നേതാവ് നിതീഷ് കുമാറിന്റെ തീരുമാനത്തെ തള്ളിപ്പറഞ്ഞ് ശരത് യാദവും രംഗത്ത്. എൻഡിഎ യ്ക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള നിതീഷിന്റെ തീരുമാനം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ബീഹാറിൽ ജനങ്ങളുടെ തീരുമാനത്തെ തള്ളിയാണ് നിതീഷ് കുമാർ എൻഡിഎ യ്ക്ക് ഒപ്പം സർക്കാർ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. “നിതീഷിന്റെ തീരുമാനത്തിന് ഒപ്പമല്ല ഞാൻ. ബീഹാറിൽ ജനങ്ങളുടെ തീരുമാനം ബിജെപിയ്ക്ക് ഒപ്പം സർക്കാർ എന്നായിരുന്നില്ല. ജനങ്ങളുടെ തീരുമാനത്തെ മറികടക്കുക എന്നത് വളരെ ഗൗരവതരമായ വിഷയമാണ്. അവർ മഹാസഖ്യത്തിനാണ് വോട്ട് ചെയ്തത്”, ശരത് യാദവ് പറഞ്ഞു.

ഇതിനോട് പ്രതികരിച്ച കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, “ശരത് യാദവിന് ബീഹാർ പൊളിറ്റിക്സിൽ യാതൊരു താത്പര്യവും ഇല്ല. അദ്ദേഹം ഓരോ കാര്യങ്ങൾ വെറുതേ പറയുകയാണ്”, എന്നാണ് പറഞ്ഞത്.

ബീഹാറിൽ മഹാസഖ്യം പിരിഞ്ഞതിൽ ശരത് യാദവിന് വലിയ ആശങ്കയുണ്ടായിരുന്നുവെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രതിപക്ഷത്തെ നിരവധി നേതാക്കൾ ഈ വിഷയത്തിൽ ശരത് യാദവിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചിരുന്നു. ഇവരോടെല്ലാം തനിക്ക് വിഷയത്തിൽ അതിയായ ദു:ഖമുണ്ടെന്നാണ് അദ്ദേഹം മറുപടി നൽകിയത്. നേരത്തേ ബിജെപിക്കെതിരായ രാഷ്ട്രീയത്തിൽ നേതൃത്വം വഹിക്കണമെന്ന് ശരത് യാദവിനോട് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടിരുന്നു.

ബിജെപിക്കെതിരെ കഴിഞ്ഞ ദിവസവും രൂക്ഷ വിമർശനം ശരത് യാദവിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. കേന്ദ്രസർക്കാർ മുഖ്യതിരഞ്ഞെടുപ്പ് വാഗ്ദാനമായ കള്ളപ്പണം മടക്കിക്കൊണ്ടുവന്നില്ലെന്നാണ് അദ്ദേഹം ആരോപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ