മുംബൈ: ലഹരിമരുന്നിന് അടിമയായ മകന്‍ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് മാതാവ് ക്വട്ടേഷന്‍ കൊടുത്ത് മകനെ കൊല്ലിച്ചു. 50,000 രൂപ നല്‍കിയാണ് മാതാവ് മകനെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ വാസയിലാണ് സംഭവം നടന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 20ന് നടന്ന കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

21കാരനായ രാംചരണ്‍ രാംദാസ് ദ്വിവേദി ലഹരിമരുന്നിനും ലൈംഗികതയ്ക്കും അടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സ്വന്തം മാതാവിനെ അടക്കം നിരവധി സ്ത്രീകളെ ഇയാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ട്. മകന്റെ പ്രവൃത്തിയിൽ മനംമടുത്ത മാതാവ് കേശവ് മിസ്ത്രി, രാകേഷ് യാദവ് എന്നീ രണ്ട് പരിചയക്കാര്‍ക്ക് 50,000 രൂപയുടെ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഓഗസ്റ്റ് 20ന് ഇരുവരും ചേര്‍ന്ന് രാംചരണിനെ ടെമ്പോയിൽ തട്ടിക്കൊണ്ടു പോവുകയും ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു.

കൊല്ലപ്പെട്ട രാംചരണ്‍

മൃതദേഹം കണ്ടെത്തിയ പൊലീസിന് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാളുടെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ താനെയിലും ബയന്ദറിലും പല്‍ഗാര്‍ ഏരിയയിലും പതിച്ചെങ്കിലും ആരും വിവരവുമായി മുന്നോട്ട് വന്നില്ല. സെപ്റ്റംബര്‍ 14ന് മാത്രമാണ് ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാവ് അടക്കം നാല് പേരെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ