ഹൗറാഹ്: ട്രെയിനിന്റെ വാതിലിൽനിന്നും സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് താഴെ വീണു. രക്ഷിക്കാൻ ശ്രമിച്ച നാലു സുഹൃത്തുക്കളും ട്രെയിൻ തട്ടി മരിച്ചു. ബംഗാളിലെ ഹൗറയിലാണ് ദാരുണമായ സംഭവം ഉണ്ടായത്.

താരകേശ്വർ ക്ഷേത്രത്തിൽ സന്ദർശനത്തിനുശേഷം മടങ്ങിവരികയായിരുന്നു അഞ്ചു സുഹൃത്തുക്കൾ. ഇതിൽ താരക്‌നാഥ് മകാൽ എന്ന യുവാവ് സെൽഫിയെടുക്കാനായി ട്രെയിനിന്റെ വാതിലിനു അടുത്തേക്ക് ചെന്നു. പെട്ടെന്ന് കാൽവഴുതി താഴേക്ക് വീണു. ഇതുകണ്ട സുഹൃത്തുക്കൾ താരക്‌നാഥിനെ രക്ഷിക്കാനായി ട്രെയിനിൽനിന്നും ചാടി. എന്നാൽ അടുത്തുളള പാളത്തിൽകൂടി വിപരീത ദിശയിൽ മറ്റൊരു ട്രെയിൻ ഈ സമയം കടന്നു വരുന്നുണ്ടായിരുന്നു. ഇതറിയാതെയാണ് ഇവർ ചാടിയത്. നാലുപേരും ട്രെയിനിടിച്ചു തൽക്ഷണം തന്നെ മരിച്ചു. താരക്‌നാഥ് ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിലാണന്നും പൊലീസ് പറഞ്ഞു. ഇവരെല്ലാം കൊൽക്കത്ത സ്വദേശികളാണെന്നും പൊലീസ് പറഞ്ഞു.

”കൂട്ടത്തിലുണ്ടായിരുന്ന ഒരു സുഹൃത്ത് താഴെ വീണതു കണ്ട മറ്റു നാലുപേരും ട്രെയിനിൽനിന്നും ചാടിയിറങ്ങി. താഴെ വീണ സുഹൃത്തിനെ രക്ഷിക്കാനായി അവർ ഓടി. എന്നാൽ ആ സമയത്ത് അടുത്തുളള പാളത്തിൽകൂടി വരുന്നുണ്ടായിരുന്ന ട്രെയിനിനെ അവർ ശ്രദ്ധിച്ചില്ല” ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരിലൊരാൾ പറഞ്ഞു.

സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് നിരവധി പേരാണ് രാജ്യത്താകമാനം മരിക്കുന്നത്. സെൽഫി മൂലമുളള മരണങ്ങൾ മറ്റേതു രാജ്യത്തെക്കാളും ഇന്ത്യയിലാണ് കൂടുതലെന്ന് കാർണിജി മെല്ലോൺ യൂണിവേഴ്സിറ്റിയും ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷനും ചേർന്നു നടത്തിയ പഠനത്തിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ