ശ്രീനഗർ: വിഘടനവാദികളും ഇന്ത്യൻ സൈന്യവും തമ്മിലുണ്ടായ ആക്രമണത്തിനിടെ ജമ്മു കാശ്മീർ സ്വദേശിയായ സ്ത്രീ മരിച്ചതായി കാശ്മീർ പൊലീസ് അറിയിച്ചു. ആക്രമണത്തിനിടെ ഉണ്ടായ വെടിവയ്പ്പിനെ തീപടർന്നുണ്ടായ അപകടത്തിലാണ് സ്ത്രീ കൊല്ലപ്പെട്ടത്. ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മനുഷ്യകവചങ്ങളായി ജമ്മു കാശ്മീർ സ്വദേശികളെ വിഘടനവാദികൾ ഉപയോഗിക്കുകയാണെന്ന് ഇന്ത്യൻ സൈന്യം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി. “വിഘടനവാദികൾ ആക്രമണത്തിനിടയിലേക്ക് സാധാരണക്കാരെ മനപ്പൂർവ്വം ഇരകളാക്കുകയാണ്. ഇതാണ് തുടർച്ചയായി സാധാരണക്കാർ കൊല്ലപ്പെടാൻ കാരണം” സൈനിക വക്താവ് വ്യക്തമാക്കി.

44 കാരിയായ താഹിറ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു. ജില്ലയിലെ ദലിഗ്രാം വില്ലേജിൽ സൈന്യം തിരച്ചിൽ തുടരുകയാണ്.

ഇവിടെ ഒരു വീട്ടിനകത്ത് വിഘടനവാദികളായ രണ്ടുപേർ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇതിൽ ഭീകര സംഘടനയായ ലഷ്കർ ഇ തോയിബയുടെ മുൻനിര നേതാക്കളിൽ ഒരാളുള്ളതായും വിവരമുണ്ട്. എന്നാൽ ഇവർക്ക് വെടിയേറ്റതായി സംശയിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ