ന്യൂഡൽഹി: മ്യാന്‍മറിനോട് തൊട്ട് കിടക്കുന്ന മിസോറാമിന്റെ ലവാങ്‍ലെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി. റോഹിങ്ക്യ മുസ്ലിം അഭയാര്‍ത്ഥികളോ തീവ്രവാദികളോ പ്രവേശിക്കാമെന്ന സംശയത്തില്‍ അസം റൈഫിള്‍സ് ആണ് പട്രോളിംഗ് ശക്തമാക്കിയത്. ഇതുവരെയും ഒരൊറ്റ റോഹിങ്ക്യ മുസ്ലിംങ്ങളും സംസ്ഥാനത്തേക്ക് കടന്നിട്ടില്ലെന്നും പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുളളതെന്നും സംസ്ഥാന ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

മ്യാന്‍മറുമായി 404 കി.മി. അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് മിസോറാം. ബംഗ്ലാദേശുമായി 308 കി.മീറ്ററും തൊട്ടുകിടക്കുന്നുണ്ട്. അതേസമയം മ്യാന്‍മറിലെ അരാകനില്‍ നിന്നുളള 170 ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ മിസോറാമില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ മ്യാന്മറിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്ന റോഹിങ്ക്യൻ മുസ്ലിങ്ങളുടെ രേഖകൾ പരിശോധിക്കാൻ തയാറാണെന്ന് ഭരണാധികാരി ഓങ് സാൻ സ്യൂചി വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 25 മുതൽ മ്യാന്മറിലെ റാഖൈൻ സംസ്ഥാനത്ത് റോഹിങ്ക്യൻ മുസ്ലിങ്ങൾക്ക് നേരെ നടക്കുന്ന പട്ടാള അതിക്രമവുമായി ബന്ധപ്പെട്ട് നൊബേൽ സമ്മാന ജേതാവായ ഓങ് സാൻ സൂചി ആദ്യമായാണ് പ്രതികരിക്കുന്നത്.

ഈ അക്രമത്തിന്റെ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് താനും ഭരണകൂടവുമെന്ന് പറഞ്ഞ സ്യൂചി, വേഗത്തിൽ ഇതിന് അവസാനം കാണാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും വിശദീകരിച്ചു.

“മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മ്യാന്മർ വിഭജിക്കപ്പെടണമെന്ന് ഞങ്ങൾ ആഗ്രിക്കുന്നില്ല. വിദ്വേഷവും ഭയവും മഹാവിപത്താണ്”, സ്യൂ ചി മ്യാന്മറിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. സംഭവത്തിൽ സ്യൂചി തുടരുന്ന മൗനം അന്താരാഷ്ട്ര തലത്തിൽ തന്നെ വിമർശിക്കപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ