മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ അന്വേഷണം നിര്‍ത്തിവെക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ അപേക്ഷ സുപ്രീം കോടതി തള്ളി. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയില്‍ മണിപ്പൂരില്‍ നടന്ന 1,528 ഓളം കേസുകളിലെ വ്യാജ ഏറ്റുമുട്ടല്‍ അന്വേഷിക്കേണം എന്ന്  2016ലെ സുപ്രീംകോടതി വിധി പിന്‍വലിക്കണം എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യം.

ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാറിന്‍റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച്‌ ആണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയത്. “ഭീകരവാദികളോടും വിഘടനവാദികളോടും പ്രതികരിക്കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്‍റെ കഴിവിനെ തടസ്സപ്പെടുത്തുന്ന ” വിധിയാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായത് എന്നായിരുന്നു കേന്ദ്രം ഉന്നയിച്ച വാദം.

കേസിന്‍റെ വാദം ചേമ്പറില്‍ കേള്‍ക്കുന്നതിനു പകരം ഓപ്പണ്‍ കോര്‍ട്ടില്‍ നടത്തണം എന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്‍റെ ഹര്‍ജിയും കോടതി തള്ളി. രണ്ടാഴ്ച മുമ്പാണ് അറ്റോണി ജനറല്‍ മുകുല്‍ രോഹ്താഗി സര്‍ക്കാരിന്‍റെ കേസ് ചേമ്പറിന് പകരം കോടതിയിൽ  കേള്‍ക്കണം എന്ന ആവശ്യം ചീഫ് ജസ്റ്റിസിനെ അറിയിച്ചത്.

പൊലീസ് അന്വേഷണം നേരിടുന്ന സാഹചര്യം സൃഷ്ടിക്കുന്നതു വഴി ഭീകരവാദത്തേയും വിഘടനവാദത്തേയും നേരിടാനുള്ള സൈന്യത്തിന്‍റെ ആത്മവിശ്വാസം ചോര്‍ന്നുപോവുമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം.

2016ലാണ് ജസ്റ്റിസ് മദന്‍ ബി ലോകുറിന്‍റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് വ്യാജ ഏറ്റുമുട്ടല്‍ ആരോപിക്കപ്പെട്ട 1,528 കേസുകളില്‍ അന്വേഷണം വേണമെന്ന് വിധിച്ചത്. സുരക്ഷാസേനയ്ക്കും മണിപ്പൂര്‍ പൊലീസിനമെതിരെയായിരുന്നു കോടതി അന്വേഷണം ആവശ്യപ്പെട്ടത്. രാജ്യത്തിന്‍റെ ശത്രുവാണ് എന്ന ആരോപണത്തിന്‍റെയോ സംശയത്തിന്‍റെയോ മാത്രം അടിസ്ഥാനത്തില്‍ സായുധ സേനയ്ക്ക് ഒരു പൗരനെ വധിക്കാനുള്ള അവകാശം നല്‍കുകയാണ് എങ്കില്‍ ജനാധിപത്യം തന്നെ ഗുരുതരമായ അപകടത്തിലാണെന്നും ആ വിധിയിൽ കോടതി നിരീക്ഷിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ