ന്യൂഡൽഹി: ജസ്റ്റിസ് ബി.എച്ച്.ലോയയുടെ ദുരൂഹ മരണത്തിൽ പ്രത്യേക അന്വേഷണമില്ല. പ്രത്യക അന്വേഷണം ആവശ്യപ്പെട്ടുളള ഹർജികളെല്ലാം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തളളി.

ലോയയുടെ മരണം പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 7 പൊതുതാൽപര്യ ഹർജികളാണ് സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. ലോയയുടെ മരണത്തിൽ യാതൊരു അസ്വാഭാവികത ഇല്ലെന്നും നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹർജികളിൽ എത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖൻവിൽകർ, ഡി.വൈ.ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ച് ഹർജികൾ തളളിയത്.

ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു കേസും വേണ്ടെന്നും ആ കേസ് സുപ്രീംകോടതി തീർപ്പാക്കിയെന്നും മൂന്നംഗ ബെഞ്ച് അറിയിച്ചു. ഇനി രാജ്യത്തെ ഒരു കോടതിയിലും ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കരുതെന്നും കോടതി വ്യക്തമാക്കി.

സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ബി.എച്ച്.ലോയ 2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരില്‍ വച്ചാണ് ദുരൂഹമായി മരിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിന്റെ വാദം കേട്ടിരുന്നത് ലോയയാണ്.

ലോയ മരിക്കുന്നതിന് തൊട്ടുമുമ്പ് ഈ കേസിൽ വാദം നടന്ന ദിവസങ്ങളിലൊന്നായ ഒക്ടോബർ 31ന് അമിത് ഷാ കോടതിയിൽ ഹാജരായില്ല ഇതിനെ ലോയ വിമർശിച്ചിരുന്നു. കേസ് ഡിസംബർ 15ലേയ്ക്കു കേസ് മാറ്റി. എന്നാൽ കേസ് പരിഗണിക്കുന്നതിന് മുമ്പ് ഡിസംബർ ഒന്നിന് ലോയ മരിച്ചു. ഈ കേസിൽ ബിഎച്ച് ലോയയുടെ മരണശേഷം നടന്ന വിചാരണയിൽ അമിത് ഷായെ വെറുതെ വിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ