ന്യൂഡൽഹി: ദേശീയ – സംസ്ഥാന പാതകളിൽ നിന്ന് അര കിലോമീറ്റർ മാറി മാത്രമേ മദ്യശാലകൾ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന സുപ്രീം കോടതി ഉത്തരവ് രാജ്യത്തെ പന്ത്രണ്ട് പ്രധാന നഗരങ്ങളിലെ വരുമാനത്തെ സാരമായി ബാധിക്കുമെന്ന് “ക്രിസിൽ” പുറത്തുവിട്ട അവലോകന റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ മുൻനിര ഹോട്ടലുകളിൽ ഭക്ഷണത്തിന്റെ ആവശ്യക്കാർക്ക് പുറമേ താമസക്കാരുടെ എണ്ണത്തിലും ഇത് കാര്യമായ കുറവ് വരുത്തുമെന്നാണ് റിപ്പോർട്ട് പറയുന്നത്. 25 മുതൽ 30 ശതമാനം വരെ ഹോട്ടലുകളുടെ വരുമാനത്തിൽ കുറവ് വരുമെന്ന വിലയിരുത്തലാണ് ഉള്ളത്.

രാജ്യത്തെ 384 പ്രീമിയം ഹോട്ടലുകളിൽ നൂറെണ്ണം(27ശതമാനം) ആണ് ക്രിസിൽ പഠന വിധേയമാക്കിയത്. ദേശീയ തലസ്ഥാന പ്രദേശം, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ഗോവ, പൂനെ, ആഗ്ര, ജയ്‌പൂർ, അഹമ്മദാബാദ്, ബെംഗലൂരു, കേരള എന്നിവിടങ്ങളിലാണ് മദ്യവിൽപ്പന സാരമായി ബാധിക്കപ്പെടുന്നത്.

പൂനെയാണ് രാജ്യത്ത് ഈ വിധി ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രദേശം. ഏതാണ്ട് 71 ശതമാനം ഹോട്ടലുകളും വിധി ബാധിക്കും. ദേശീയപാതയിൽ നിന്നും മാറിനിൽക്കുന്നന മറ്റ് ഹോട്ടലുകളിലേക്ക് പൂനെയിലെ ഉപഭോക്താക്കൾ മാറുമെന്നത് ഈ മേഖല നേരിടാൻ പോകുന്ന വലിയ തിരിച്ചടിയാണ്.

ദേശീയ പാത പന്ത്രണ്ടിന് സമീപത്തായി ഏറ്റവും കൂടുതൽ ഹോട്ടലുകൾ സ്ഥിതി ചെയ്യുന്ന കൊൽക്കത്തയിൽ വിധിയുടെ തിരിച്ചടി 69 ശതമാനം ബാധിക്കുമെന്നാണ് റിപ്പോർട്ട്. ആഗ്രയിൽ ഇത് 67 ശതമാനം ആണ്. ഇവിടെ സംസ്ഥാന പാത 62 ന് സമീപത്താണ് ഏറ്റവും അധികം ഹോട്ടലുകളും സ്ഥിതി ചെയ്യുന്നത്. ചെന്നൈ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഹോട്ടലുകളിലധികവും സ്ഥിതി ചെയ്യുന്നത് ദേശീയ പാതയ്ക്ക് അരികിലായാണ്. പുതിയ വിധി 48 ശതമാനം ഹോട്ടലുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിവരം. പക്ഷെ ജയ്‌പൂരിൽ ഹോട്ടലുകളധികവും നഗരത്തിന് അകത്തായതിനാൽ 26 ശതമാനം ഹോട്ടലുകൾ മാത്രമാണ് വിധിയുടെ പരിണിത ഫലം അനുഭവിക്കുക.

അതേസമയം കേന്ദ്ര തലസ്ഥാന പ്രദേശത്ത്, മൂന്ന് പ്രധാന നഗരങ്ങളുണ്ട്. ഡൽഹിയിൽ 69 ശതമാനം ഹോട്ടലുകളും ഗുരുഗ്രാമിൽ 25 ശതമാനവും നോയ്ഡയിൽ ആറ് ശതമാനം ഹോട്ടലുകളാണ് മദ്യവിൽപ്പന നടത്തുന്ന പ്രീമിയം ഹോട്ടലുകൾ . ഈ മൂന്ന് പ്രദേശത്തുമായി 25 ശതമാനം ഹോട്ടലുകൾ മദ്യവിൽപ്പന തടഞ്ഞുള്ള സുപ്രീം കോടതി വിധിയുടെ പ്രതിസന്ധി നേരിടുന്നതായാണ് വിവരം. അതേസമയം മുംബൈ, ഗോവ എന്നിവിടങ്ങളിലെ മുന്തിയ ഹോട്ടലുകൾ വിധിയുടെ യാതൊരു വിധ പ്രതിസന്ധിയും നേരിടാതെ രക്ഷപ്പെട്ടെന്നാണ് വിവരം. ഈ നഗര പ്രദേശത്തിനകത്ത് ദേശീയ-സംസ്ഥാന പാതകളില്ലെന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നു.

പത്ത് മുതൽ മുപ്പത് ശതമാനം വരെ വരുമാനമാണ് മദ്യവിൽപ്പനയിൽ നിന്ന് മാത്രമായി ഫുഡ് വിഭാഗത്തിൽ ഹോട്ടലുകൾ നേടിയിരുന്നത്. ആകെ വരുമാനത്തിന്റെ 15 ശതമാനം വരെ വരുമിത്. പക്ഷെ ഇതിന്റെ ആഘാതം വലുതാണ്. പ്രധാന യോഗങ്ങൾ, കോൺഫറൻസുകൾ, പ്രദർശനങ്ങൾ, മുറി ആവശ്യം എന്നിവ താഴേക്ക് പോയി.

ബ്രാന്റ് ഇക്വിറ്റി ഫൗണ്ടേഷൻ 2016 ൽ നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ആകെ തൊഴിലിന്റെ ഒൻപത് ശതമാനം വിനോദസഞ്ചാര മേഖലയിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. 3.84 കോടി പേരാണ് ഈ മേഖലയിൽ 2016 വരെ ജോലി ചെയ്തിരുന്നത്. ഇത് 2026 ൽ 4.64 കോടി ആയി ഉയരുമെന്നായിരുന്നു കണക്കുകൾ വ്യക്തമാക്കിയത്.

എന്നാൽ പുറത്തുവരുന്ന പുതിയ പഠനങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറഞ്ഞത് പത്ത് ലക്ഷം പേർക്കെങ്കിലും മേഖലയിൽ ഉടനടി ജോലി നഷ്ടപ്പെടുമെന്നാണ് വിവരം. പുതുതായി ആളുകൾക്ക് ജോലി ലഭിക്കില്ലെന്നും, ഉപഭോക്താക്കളുടെ എണ്ണക്കുറവ് മുൻനിർത്തി ഹോട്ടലുടമകൾ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ