ബെംഗളൂരു: അനധികൃത സ്വത്തു സമ്പാദന കേസിൽ ജയിലിലായ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല സുപ്രീം കോടതി വിധിച്ച 10 കോടി രൂപ പിഴ അടച്ചില്ലെങ്കിൽ അധിക കാലം തടവ് അനുഭവിക്കേണ്ടി വരും. പിഴ തുക നൽകിയില്ലെങ്കിൽ ശശികല 13 മാസം അധിക തടവ് അനുഭവിക്കേണ്ടി വരുമെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. നാല് വർഷത്തെ തടവും 10 കോടി രൂപ പിഴയുമാണ് ശശികലയ്‌ക്ക് സുപ്രീം കോടതി ശിക്ഷ വിധിച്ചിരുന്നത്. വിധിയെത്തുടർന്ന് ബെംഗളൂരു പാരപ്പന അഗ്രഹാര ജയിലിലാണ് ശശികല ഇപ്പോൾ തടവിൽ കഴിയുന്നത്.

ബെംഗളൂരു ജയിലിൽ നിന്ന് ചെന്നൈയിലെ ജയിലിലേക്ക് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ശശികല ഇന്ന് അപേക്ഷ നൽകിയിട്ടുണ്ട്. ജയിലിൽ തനിക്ക് പ്രത്യേക സൗകര്യങ്ങൾ അനുവദിക്കണമെന്ന ശശികലയുടെ ആവശ്യം നേരത്തേ തന്നെ തളളിയിരുന്നു. സുരക്ഷാ കാരണങ്ങളെ തുടർന്ന് ശശികലയും കൂട്ടുപ്രതി ഇളവരശിയും വനിതാ ബ്ലോക്കിലെ ഒരു ചെറിയ സെല്ലിനകത്താണ് കഴിയുന്നത്. മറ്റൊരു പ്രതി സുധാകരനും ഇതേ ജയിലിൽ പുരുഷന്മാരുടെ ബ്ലോക്കിൽ കഴിയുകയാണ്.

വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട ശശികലയുടെ ആവശ്യം തളളിയ ജയിൽ അധികൃതർ, ജയിലിലെ ഭക്ഷണം തന്നെയാണ് ഇപ്പോൾ ചിന്നമ്മയ്‌ക്ക് നൽകുന്നത്. മറ്റ് തടവുകാർക്ക് അനുവദിക്കുന്ന അതേ സൗകര്യങ്ങളാണ് ശശികലയ്‌ക്കും നൽകുന്നത്. പൊതുവായി തടവുകാർക്ക് അനുവദിച്ചിരിക്കുന്ന സ്ഥലത്തിരുന്നാണ് ശശികല ടിവി കാണുന്നത്.

ഫെബ്രുവരി 14നാണ് സുപ്രീം കോടതി ശശികലയ്‌ക്കും മറ്റ് മൂന്ന് പ്രതികൾക്കും ശിക്ഷ വിധിച്ചത്. 2014ൽ ഇതേ കേസിൽ അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും ശശികലയും ഉൾപ്പെടെയുളളവർ 21 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കർണാടക ഹൈക്കോടതി പിന്നീട് ഈ ശിക്ഷ റദ്ദാക്കുകയും എന്നാൽ കർണാടക സർക്കാർ നൽകിയ അപ്പീലിൽ സുപ്രീം കോടതി വിചാരണ കോടതിയുടെ ശിക്ഷ ശരിവയ്‌ക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ