ചെന്നൈ: എഐഎഡിഎംകെ നേതാവ് വി.കെ ശശികലയുടെ പരോള്‍ കാലാവധി അവസാനിച്ചു. ഇന്ന് ശശികല വീണ്ടും ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് തിരിച്ചു. അഞ്ച് ദിവസമായിരുന്നു ശശികലയുടെ പരോള്‍ കാലാവധി.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്നിരുന്ന ശശികലയ്ക്ക് ഒക്ടോബര്‍ ആറിനാണ് കോടതി പരോള്‍ അനുവദിച്ചത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണാനാണ് പരോള്‍ അനുവദിച്ചിരുന്നത്.

കര്‍ശന ഉപാധികളോടെയായിരുന്നു പരോള്‍. രാഷ്ട്രീയ നേതാക്കളെ കാണാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ അനുമതി ഉണ്ടായിരുന്നില്ല. കഴിഞ്ഞ അഞ്ചുദിവസങ്ങള്‍ക്കിടയില്‍ നിരവധി സ്ത്രീകള്‍ തങ്ങളുടെ നവജാത ശിശുക്കളുമായി ശശികലയെ സമീപിച്ചിരുന്നുവെന്നും കുട്ടികള്‍ക്ക് പേരിടാന്‍ ശശികലയോട് ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ