ന്യൂഡൽഹി: ശശികലയ്‌ക്കെതിരായ അനധികൃത സ്വത്ത് സന്പാദനക്കേസിൽ സുപ്രീംകോടതി ഇന്ന് രാവിലെ വിധി പറയും. രാവിലെ 10.30ഓടെയാണ് വിധി പ്രസ്താവിക്കുക. അനധികൃത സ്വത്ത് സന്പാദനക്കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത, അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല, വി.എൻ.സുധാകരൻ, ജെ.ഇളവരശി തുടങ്ങിയവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഇന്ന് വിധി പറയുക. കർണാടക സർക്കാരും ഡിഎംകെ നേതാവ് കെ.അൻപഴകനുമാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

വിധി ശശികലയ്ക്ക് എതിരായാൽ മുഖ്യമന്ത്രി പദത്തിലെത്താനുളള ശശികലയുടെ മോഹം നടക്കില്ല. അങ്ങനെയെങ്കിൽ തന്റെ വിശ്വസ്തരായ ആരെയെങ്കിലും ശശികല മുഖ്യമന്ത്രിയാക്കാനും സാധ്യതയുണ്ട്. അതേസമയം, തനിക്കെതിരായ കേസിലെ വിധിയും രാഷ്ട്രീയ പ്രതിസന്ധിയും തമ്മിൽ ബന്ധമില്ലെന്ന് ശശികല മാധ്യമങ്ങളോട് പറഞ്ഞു. വിധി ഇന്ന് പറയുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെങ്ങും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Read More: സുപ്രീം കോടതി ഉത്തരവ് ചെന്നൈയിലെ അധികാരപോരാട്ടത്തിന്റെ വിധി എഴുതുന്നത് എന്തുകൊണ്ട്?

തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരവേ നിയമസഭ വിളിക്കാൻ ഗവർണർ സി.വിദ്യാസാഗർ റാവുവിനു അറ്റോർണി ജനറൽ നിയമോപദേശം നൽകി. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ശശികല പക്ഷത്തിനും ഒ.പനീർസെൽവം പക്ഷത്തിനും അവസരം നൽകണമെന്നും നിയമോപദേശം നൽകിയിട്ടുണ്ട്.

Read More: സുപ്രീകോടതി വിധിക്കായി കാത്തിരിക്കാം; പക്ഷേ തീരുമാനം ഉടൻ വേണം: സുപ്രീംകോടതി മുൻ ജഡ്ജി

അതിനിടെ, ഇന്നലെ എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന മഹാബലിപുരം കൂവത്തൂരിലെ റിസോർട്ടിലാണ് ശശികലയും ഇന്നലെ താമസിച്ചത്. തന്റെ പക്ഷത്തുനിന്നും കൂടുതൽ പേർ പനീർസെൽവം പക്ഷത്തേക്ക് പോകുന്നത് തടയുകയാണ് ശശികലയുടെ നീക്കം. ഇന്നലെ ഒരു എംപിയും എംഎൽഎയും ശശികല ക്യാംപിൽ നിന്ന് കൊഴിഞ്ഞ് പനീർസെവത്തിന്റെ പക്ഷത്തേക്ക് പോയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ