ന്യൂഡൽഹി: ഖേൽ രത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഹോക്കി താരമായ സർദാർ സിങ്ങിനും പാരാലിന്പിക് താരം ദേവേന്ദ്ര ജ്ജരിയക്കും ഖേൽ രത്ന പുരസ്കാരം.ഇന്ത്യൻ ഹോക്കി ടീമിന്റെ നായകനായ സർദാർ സിങ്ങ് വർഷങ്ങളായി രാജ്യത്തിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. റിയോയിൽ നടന്ന പാരഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡൽ നേടിയ താരമാണ് ദേവേന്ദ്ര ജ്ജാരിയ.

അർജ്ജുന അവാർഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ചേതേശ്വർ പൂജാര, ഹർമ്മൻപ്രീത് കൗർ, എസ്.വി സുനിൽ, ആരോഗ്യ രാജീവ്, മാരിയപ്പൻ തങ്കവേലു, വരുൺ ഭാട്ടിയ തുടങ്ങിയവർക്കാണ് അർജ്ജുന അവാർഡുകൾ. അതേസമയം മലായാളി താരം സജ്ജൻ പ്രകാശ് പരിഗണനപ്പട്ടികയിൽ ഉണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം പിന്തള്ളപ്പെട്ടു.

സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തതിനാണ് ചേതേശ്വർ പൂജാരയ്ക്ക് പുരസ്ക്കാരം നൽകുന്നത്. വനിത ലോകകപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഹർമ്മൻപ്രീത് കൗറിനും അർജ്ജുന അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

അത്ലറ്റിക്ക്സിൽ തമിഴ്നാട്ടുകാരനായ ആരോഗ്യരാജീവിനാണ് അർജ്ജുന പുരസ്കാരം. പാര ഒളിമ്പിക്സിൽ ഹൈജംമ്പിൽ സ്വർണ്ണം നേടിയ താരമാണ് മാരിയപ്പൻ തങ്കവേലു. ജസ്റ്റീസ് സി.കെ. ഠാക്കൂർ അധ്യക്ഷനായ 12 അംഗ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ