ന്യൂഡൽഹി: രാജ്യത്ത് 2000 രൂപയുടെ അച്ചടി റിസർവ് ബാങ്ക് പൂർണ്ണമായി നിർത്തിവച്ചതായി റിപ്പോർട്ട്. കഴിഞ്ഞമാസം അച്ചടി ആരംഭിച്ച 200 രൂപയുടേതടക്കമുള്ള കറൻസികൾ ആഗസ്തോടെ ബാങ്കുകൾ വഴി വിതരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ഈ വർഷം ഏപ്രിലിലാണ് 200 രൂപ നോട്ട് അച്ചടിക്കുന്നതിനുള്ള റിസർവ് ബാങ്കിന്റെ നിർദ്ദേശം കേന്ദ്രസർക്കാർ അംഗീകരിച്ചത്. ഇതോടെയാണ് അച്ചടിക്കായുള്ള നടപടികളുമായി കേന്ദ്ര ബാങ്ക് മുന്നോട്ട് പോയത്. ജൂൺ അവസാന വാരമാണ് 200 രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചത്. അടുത്ത മാസം വിപണിയിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസാണ് റിപ്പോർട്ട് ചെയ്യുന്നത്.

എടിഎമ്മുകൾ വഴി 200 രൂപ നോട്ടുകൾ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യില്ലെന്നാണ് വിവരം. ഇതിനായി വീണ്ടും യന്ത്രങ്ങൾ പുന:ക്രമീകരിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ നേരിട്ട് ബാങ്ക് വഴി നോട്ടുകൾ വിതരണം ചെയ്യാനാണ് റിസർവ് ബാങ്കിന്റെ ശ്രമം

200 രൂപ നോട്ട് അച്ചടിക്കുന്നതിന്റെ മുന്നോടിയായാണ് 2000 നോട്ടിന്റെ അച്ചടി നിർത്തിയിരിക്കുന്നത്. വിപണിയിൽ കറൻസിയുടെ ഒഴുക്ക് മന്ദഗതിയിലായത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ