ലക്‌നൗ: പാക്കിസ്ഥാന് തക്കതായ മറുപടി നൽകിയതിലൂടെ സ്വന്തം മണ്ണിൽനിന്നും മാത്രമല്ല രാജ്യാന്തര അതിർത്തി കടന്നും ശത്രുക്കളെ ആക്രമിക്കുമെന്ന ശക്തമായ സന്ദേശം ലോകത്തിനു ഇന്ത്യ നൽകിയതായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ലക്‌നൗവിൽ പൊതുപരിപാടിയിൽ സംസാരിിക്കുകയായിരുന്നു അദ്ദേഹം.

ഏതാനും മാസങ്ങൾക്കു മുൻപ് പാക്കിസ്ഥാൻ നമ്മുടെ സൈന്യത്തെ ആക്രമിച്ചു. ആക്രമണത്തിൽ 17 ജവാന്മാർ വീരമൃത്യു വരിച്ചു. ഇതിനുപിന്നാലെ ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളുടെയെല്ലാം അഭിപ്രായം തേടി. ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ അതിർത്തി കടന്ന് ഭീകരരെ കൊന്നൊടുക്കി- രാജ്നാഥ് സിങ് പറഞ്ഞു.

പാക് അതിർത്തി കടന്ന് ഭീരരെ വധിച്ചതോടെ ലോകത്തിനു മുന്നിൽ ശക്തമായൊരു സന്ദേശമാണ് ഇന്ത്യ നൽകിയത്. അയൽരാജ്യങ്ങളുമായി സൗഹൃദമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പക്ഷേ പാക്കിസ്ഥാൻ ആ വഴി ആഗ്രഹിക്കുന്നില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.

അഞ്ച് ഇന്ത്യന്‍ കമാന്‍ഡോകള്‍ നിയന്ത്രണ രേഖ കടന്ന് മൂന്ന് പാക്കിസ്ഥാന്‍ സൈനികരെ കഴിഞ്ഞ മാസം വധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിങിന്റെ ഇപ്പോഴത്തെ പ്രസ്താവന.

രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ആഭ്യന്ത്രമന്ത്രി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളരുകയാണ്. ആഗോള സാമ്പത്തിക വിദഗ്ധരും ഇക്കണോമിസ്റ്റുകളും ഇക്കാര്യം അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ