ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന് പൂര്‍ണ പിന്തുണയുമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് രജനികാന്ത് പ്രധാനമന്ത്രിയുടെ ശുചിത്വ പദ്ധതിക്ക് പിന്തുണയറിയിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായി കമല്‍ ഹാസന്‍ കുടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് രജനീകാന്ത് പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ചത്.

ശുചിത്വം എന്നത് ദൈവീകമാണ്. അതുകൊണ്ടു തന്നെ പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരത പദ്ധതിക്ക് തന്റെ മുഴുവന്‍ പിന്തുണയും വാഗാദാനം ചെയ്യുന്നുവെന്ന് രജനീകാന്ത് ട്വീറ്ററില്‍ കുറിച്ചു.

ശുചിത്വ ഭാരത പദ്ധതിക്ക് പിന്തുണ തേടി സിനിമാ, വ്യവസായം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ നേടിയ വ്യക്തികള്‍ക്ക് പ്രധാനമന്ത്രി കത്തയച്ചിരുന്നു.

അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ഒരുമിച്ച് കൈകോര്‍ക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നടന്‍ കമല്‍ ഹാസനെ ക്ഷണിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയെ പിന്തുണച്ചുള്ള രജനീകാന്തിന്റെ ട്വീറ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ