ന്യൂഡല്‍ഹി: ബിസിനസുകാരനായിരുന്ന രാജീവ് ചന്ദ്രശേഖര്‍ മാധ്യമ സ്ഥാപനങ്ങളുടെ മേലാളിയായതോടെയാണ് വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംനേടിയത്. പിന്നീട് രാഷ്ട്രീയക്കാരനായും അദ്ദേഹം ജൈത്രയാത്ര തുടര്‍ന്നു. ഈയടുത്ത് അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവിക്കായി നിക്ഷേപം നടത്തിയും അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു. വിപണി പിടിച്ചെടുക്കാന്‍ ഏത് രാഷ്ട്രീയമോണോ കൂടുതല്‍ ഉപകരിക്കുക അത് സ്വീകരിക്കുക എന്നതാണ് തന്‍റെ നിക്ഷേപ നയമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എന്‍ഡിഎ സംസ്ഥാന വൈസ് ചെയര്മാന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍. സ്ക്രോളിന് (scroll.in) അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

“ഇടത് സ്വീകാര്യതയുള്ള മണ്ണില്‍ ഇടതായും വലത് സ്വീകാര്യതയുള്ള മണ്ണില്‍ വലതിനെ അനുകൂലിച്ചും നിലകൊള്ളുകയെന്നതാണ് എന്റെ നിലപാട്. കേരളത്തിലെ ഏഷ്യാനെറ്റ് ന്യൂസ് ഇടതിനോട് ചേര്‍ന്ന് നില്‍ക്കുന്നുവല്ലോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. കന്നഡ ചാനലിനും മറ്റൊരു വ്യത്യസ്ഥ നിലപാടാണ്. അത് പോലെ റിപബ്ലിക്കും മറ്റൊരു വീക്ഷണകോണില്‍ നിന്നാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. റിപബ്ലിക് ചാനല്‍ ബിജെപിയുടെ മുഖപത്രമായി മാറുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്. അതിന് ഉത്തരം പറയേണ്ടത് നിക്ഷേപകനല്ല. അതിന്റെ എഡിറ്ററാണ്,” രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

“വിശ്വാസ്യതയും വിപണി വിജയവും രണ്ടും പ്രാധാന്യത്തോടെയാണ് ഞാന്‍ കാണുന്നത്. കളളം പറയുന്ന മാധ്യമപ്രവര്‍ത്തകരെ ഞാന്‍ ജോലിക്കെടുക്കില്ല. വിശ്വാസ്യത എന്നത് എത്ര പേര്‍ ഒരു കാര്യം വിശ്വസിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. കൂടുതല്‍ പേര്‍ ഒരു കാര്യത്തെ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് കണക്കിലെടുക്കും. അല്ലാതെ രണ്ടോ മൂന്നോ പേര് എന്താണ് വിശ്വാസ്യത എന്ന് പറയുന്നതിനെ ഞാന്‍ കണക്കിലെടുക്കില്ല.” അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ