ജയ്‌പൂർ: പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന ആരോഗ്യ മന്ത്രിയുടെ ചിത്രം വൈറലാവുന്നു. രാജസ്ഥാൻ ആരോഗ്യ മന്ത്രി കാളിചരൺ സറഫ് ആണ് നടുറോഡിനു സമീപത്തെ ചുവരിൽ മൂത്രമൊഴിച്ചത്. മന്ത്രി മൂത്രമൊഴിക്കുന്നതിന്റെ ചിത്രം ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ചിത്രം വൈറലായതോടെ ഇതൊരു വലിയ കാര്യമല്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

ഇന്ത്യയുടെ പിങ്ക് സിറ്റിയായ ജയ്‌പൂരിനെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയിലൂടെ പരിസര ശുചീകരണത്തിൽ ഒന്നാമത് എത്തിക്കാനുളള ശ്രമത്തിലാണ് ജയ്‌പൂർ മുൻസിപ്പൽ കോർപ്പറേഷൻ. ഇതിനിടയിലാണ് ആരോഗ്യമന്ത്രി തന്നെ നടുറോഡിനു സമീപം മൂത്രമൊഴിച്ച് പിടിയിലായത്. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാൽ 200 രൂപയാണ് പിഴ.

സ്വച്ഛ് ഭാരതിനുവേണ്ടി ലക്ഷങ്ങൾ കേന്ദ്ര സർക്കാർ ചെലവഴിക്കുമ്പോൾ ബിജെപി സർക്കാർ അധികാരത്തിലുളള രാജസ്ഥാനിൽ ഒരു മന്ത്രി തന്നെ ഇങ്ങനെ ചെയ്യുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന് രാജസ്ഥാൻ കോൺഗ്രസ് വൈസ് പ്രസിഡന്റ് അർച്ചന ശർമ്മ പ്രതികരിച്ചു. മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ഇത് സംഭവിച്ചതെന്നും അത് പാടില്ലായിരുന്നുവെന്നും അവർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ