ജയ്‌പൂർ: പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ശുപാര്‍ശ ചെയ്ത രാജസ്ഥാന്‍ ഹൈക്കോടതി ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മ കൂടുതല്‍ വിശദീകരണവുമായി രംഗത്ത്. ‘നിത്യ ബ്രഹ്മചാരി’ ആയത് കൊണ്ടാണ് മയില്‍ നമ്മുടെ ദേശീയ പക്ഷി ആയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “ആണ്‍മയില്‍ പെണ്‍മയിലുമായി ഇണ ചേരാറില്ല. മയിലിന്റെ കണ്ണുനീര് കൊണ്ടാണ് പെണ്‍മയിലുകള്‍ ഗര്‍ഭിണി ആവുന്നത്. സാക്ഷാല്‍ ശ്രീകൃഷ്ണന്‍ പോലും തലയില്‍ മയില്‍പീലി ചൂടാറുണ്ട്”, ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായി വിരമിക്കുന്ന ദിവസമാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തത്. ഇതിന് പിന്നാലെയാണ് മയിലിനെ എന്തുകൊണ്ടാണ് ദേശീയ പക്ഷി ആക്കിയതെന്നും അദ്ദേഹം വിശദീകരിച്ചത്.

Read More:”ഞാനൊരു ശിവഭക്തന്‍, ഇത് എന്റെ  ആത്മാവിന്റെ ശബ്ദം”; പശുവിനെ ദേശീയമൃഗമാക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി ജസ്റ്റിസ്

ഗോവധത്തിന് ജീവപര്യന്തം ശിക്ഷ നൽകണമെന്നുമാണ് ജസ്റ്റിസ് ശര്‍മ്മയുടെ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടത്. ഉത്തരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്. “ഞാനൊരു ശിവഭക്തനാണ്. ഇത് എന്റെ ആത്മാവിന്റെ ശബ്ദമാണ്. ഞാനും പശുവിനെ ബഹുമാനിക്കുന്നുണ്ട്”, എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിന്ദുരാജ്യമായ നേപ്പാള്‍ പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാലികളെ പരിപാലിച്ചും കൃഷി ചെയ്തും ശക്തി പ്രാപിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ജസ്റ്റിസ് ശര്‍മ്മ ഉത്തരവ് പുറപ്പെടുവിച്ച് വ്യക്തമാക്കി.
പൊതു താൽപര്യ ഹർജി പരിഗണിക്കവേയാണ് കോടതി നിലപാട് അറിയിച്ചത്. കന്നുകാലി നിയന്ത്രണം സംബന്ധിച്ച് രാജസ്ഥാനിൽ നിലവിലുളള നിയമത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.

ഈ ഹർജി പരിഗണിക്കവേയാണ് കോടതി കേന്ദ്രസർക്കാരിനു മുൻപാകെ ചില ശുപാർശകൾ വച്ചത്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കണമെന്നും ഗോവധം നടത്തുന്നവർക്കുളള ശിക്ഷ ജീവപര്യന്തമായി ഉയർത്തണമെന്നുമാണ് കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ