ചെന്നൈ: രാഷ്ട്രീയത്തിലേക്ക് താന്‍ കടക്കുമെന്ന് ആരാധകര്‍ക്ക് വ്യക്തമായ സൂചന നല്‍കിയതിന് ആഴ്ച്ചകള്‍ക്ക് ശേഷം രജനീകാന്ത് ബിജെപിയിലേക്ക് പോകുന്നെന്ന് വിവരം. സംഘപരിവാര്‍ സംഘടനായ ഹിന്ദു മക്കള്‍ കച്ചി (എച്ച്എംകെ) നേതാക്കളുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച്ച നടത്തിയത്. തമിഴ്നാട് ജനതയ്ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് വ്യക്തമാക്കിയതായി എച്ച്എംകെ നേതാവ് അര്‍ജുന്‍ സമ്പത്ത് പറഞ്ഞു.

തമിഴ് ജനതയ്ക്കിടെയിലെ താരസ്വാധീനം മുതലെടുത്ത് തമിഴ്‌നാട്ടില്‍ വേരോട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. രജനികാന്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചാല്‍ കൂടുതല്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

ഇതാദ്യമായല്ല രജനികാന്തിനെ മുതലെടുത്ത് തമിഴ് നാട്ടില്‍ സ്വീകാര്യത ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി രജനികാന്തിനെ കാണാന്‍ എത്തിയിരുന്നു.

അതേസമയം കര്‍ഷക സംഘടനാ നേതാവ് അയ്യക്കണ്ണ് ഞായറാഴ്ച്ച രജനികാന്തിനെ കാണാനെത്തി. പത്ത് വര്‍ഷം മുമ്പ് രജനികാന്ത് കര്‍ഷക സംഘടനയ്ക്ക് വാഗ്ദാനം ചെയ്ത ഒരു കോടി രൂപ വിഷയവുമായാണ് അദ്ദേഹം എത്തിയത്. എന്നാല്‍ പണം വേണ്ടെന്ന് പറഞ്ഞ് നിരസിച്ചതായും അയ്യക്കണ്ണ് അറിയിച്ചു.

10 വര്‍ഷം മുമ്പാണ് കര്‍ഷക സംഘടനയ്ക്ക് രജനി ഒരു കോടി രൂപ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ പണം രജനി കൊടുത്തിട്ടുണ്ടായിരുന്നില്ല. പിന്നീട് ഡല്‍ഹിയില്‍ വെച്ച് നടന്ന അഖിലേന്ത്യ കര്‍ഷക മീറ്റില്‍ ഇത് സംബന്ധിച്ച ചോദ്യം ഉയര്‍ന്നും തുടര്‍ന്നാണ് കര്‍ഷക നേതാക്കള്‍ രജനിയെ കാണാനെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ