ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് സോഷ്യല്‍മീഡിയയില്‍ വർധിക്കുന്ന സ്വീകാര്യത പ്രതിഫലിപ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററില്‍ ഫോളോവേഴ്സ് ഉയരുന്നു. അവസാന രണ്ട് മാസത്തിനുളളില്‍ ഏകദേശം 10 ലക്ഷം പേരാണ് ട്വിറ്ററില്‍ രാഹുലിനെ പിന്തുടരുന്നത്.

രാഹുലിന്റെ രണ്ടാഴ്ച നീണ്ട അമേരിക്കന്‍ സന്ദര്‍ശനത്തിനിടയിലും ഫോളോവേഴ്സിന്റെ ഒഴുക്കിന് കുറവൊട്ടും വന്നിട്ടില്ല. ഇന്ത്യയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ പ്രചാരം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആധിപത്യം തുടരുന്ന സോഷ്യല്‍മീഡിയയില്‍ നവാഗതരെന്ന് പറയപ്പെടാവുന്ന കോണ്‍ഗ്രസിന് ആവേശം പകരുന്നതാണ് രാഹുലിനേറുന്ന പിന്തുണ. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2017 ജൂലൈ മാസം വരെ 24.93 ലക്ഷം ഫോളോവേഴ്സ് ആണ് രാഹുലിന് ഉണ്ടായിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ മാസമായതോടെ ഇത് 34 ലക്ഷമായി കുത്തനെ ഉയര്‍ന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ കടന്നുവരുന്നെന്ന സൂചനക്ക് പിന്നാലെ ബിജെപിയുടെ പ്രധാന എതിരാളിയായാണ് രാഹുല്‍ കണക്കാക്കപ്പെടുന്നത്. ഇതുകൊണ്ട് തന്നെ രാഹുലിനെതിരെ നിരന്തരം ബിജെപി കടന്നാക്രമണവും നടത്തുന്നുണ്ട്. ഇതും ഇതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും രാഹുലിന് ഫോളോവേഴ്സിനെ വർധിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്ന വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. രാഹുലിന്റെ അമേരിക്കന്‍ പര്യടനത്തിന്റെ വിജയവും ഫോളോവേഴ്സിനെ കൂട്ടിയെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ എതിരാളിയായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സോഷ്യല്‍മീഡിയയില്‍ ഉളള പിന്തുണയും കോണ്‍ഗ്രസിന് അവഗമിക്കാനാവില്ല. 2.1 കോടിയാണ് ട്വിറ്ററില്‍ മോദിയുടെ ഫോളോവേഴ്സ്. മൂന്ന് മാസം മുമ്പ് ഫെയ്സ്ബുക്ക് രാഹുലിന്റെ ഔദ്യോഗിക പേജ് വെരിഫൈ ചെയ്തപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് സോഷ്യല്‍മീഡിയയില്‍ സജീവമാകുന്നത്. ഫെയ്സ്ബുക്കില്‍ വെറും 13.63 ലക്ഷം ഫോളോവേഴ്സ് മാത്രമാണ് രാഹുലിന് ഇപ്പോഴുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ