മീററ്റ്: ദീപിക പദുക്കോണ്‍, റണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബന്‍സാലിയൊരുക്കുന്ന ചിത്രം ‘പത്മാവതി’യ്‌ക്കെതിരായി രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ ബന്‍സാലിയുടെയും ദീപികയുടെയും തല വെട്ടുന്നവര്‍ക്ക് അഞ്ചു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അഖില ഭാരതീയ ക്ഷത്രിയ യുവ മഹാസഭയുടെ ദേശീയ അധ്യക്ഷന്‍ താക്കുര്‍ അഭിഷേക് സോം.

‘സഞ്ജയ് ലീല ബന്‍സാലിയുടേയും ദീപിക പദുക്കോണിന്റെയും തലയെടുത്ത് ആരാണോ കൊണ്ടുവരുന്നത്, അവര്‍ക്ക് അഞ്ചുകോടി രൂപ പ്രതിഫലം നല്‍കും. മറ്റ് 12000ത്തോളം വരുന്ന സ്ത്രീകള്‍ക്കൊപ്പം ജീവത്യാഗം നടത്തിയ ആളാണ് റാണി പത്മാവതി. എന്നാല്‍ ചരിത്രത്തെ വളച്ചൊടിച്ച് പത്മാവതിയുടെ പേര് മോശമാക്കുകയാണ് സംവിധായകന്‍ ചെയ്യുന്നത്. ഒന്നുകില്‍ രണ്ടു പേരും രാജ്യം വിടണം, അല്ലെങ്കില്‍ അവരുടെ തല വെട്ടണം.’ അഭിഷേക് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

പത്മാവതിക്ക് പ്രദര്‍ശനാനുമതി നല്‍കും മുമ്പ് ചിത്രത്തിനെതിരെ ഉയരുന്ന പൊതു കാഴ്ചപ്പാടും വിയോജിപ്പും കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് അഭിഷേകിന്റെ വെല്ലുവിളി. രജ്പുത് സേന ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്നാണ് പത്മാവതിക്കെതിരെ എതിര്‍പ്പുയരുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാരോപിച്ചാണ് എതിര്‍പ്പ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ