ചണ്ഡിഗഢ്: പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ പത്ത് വയസുകാരിയുടെ ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തളളി. ഗര്‍ഭഛിദ്രത്തിന് സമയം അതിക്രമിച്ചെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

32 ആഴ്ച പ്രായമായ ഭ്രൂണം അലസിപ്പിക്കുന്നത് കുട്ടിക്കും ഗർഭസ്ഥ ശിശുവിനും നല്ലതല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കോടതിയുടെ നിര്‍ദേശപ്രകാരം ചണ്ഡിഗഢിലെ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ ഡോക്ടര്‍മാരാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പിച്ചത്. ജസ്റ്റിസ് ഖെഹാറും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും അദ്ധ്യക്ഷരായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അമ്മാവന്റെ നിരന്തര പീഡനത്തിലാണ് 10 വയസുകാരി ഗര്‍ഭിണിയായത്. മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒരു പ്രാദേശിക കോടതി കുട്ടിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ സുപ്രിമകോടതിയെ സമീപിച്ചത്.

ഇത്തരം വിഷയങ്ങളിൽ പരിഹാരം കാണാൻ സംസ്ഥാനങ്ങളിൽ മെഡിക്കൽ ബോർഡ് തുടങ്ങുന്ന കാര്യം പരിഗണിച്ചു കൂടെയെന്ന് കോടതി സോളിറ്റർ ജനറലിനോട് ചോദിച്ചു. ഇത്തരം കേസുകൾ സുപ്രീംകോടതിയിലെത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും കോടതി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ