ന്യൂഡൽഹി: പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിനായി ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ. ഇന്നലെ ചേർന്ന മന്ത്രിതല സമിതി തീരുമാനമടുത്തതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ബിൽ തയാറാക്കാൻ എത്ര സമയം വേണമെന്ന് അറിയിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചു.

25 ലക്ഷത്തോളം വരുന്ന പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പുവരുത്താൻ എന്തുകൊണ്ടാണ് കേന്ദ്രസർക്കാരിന് ഇതുവരെ കഴിയാത്തതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി ചോദിച്ചിരുന്നു. പ്രവാസികള്‍ക്ക് വോട്ടു ചെയ്യുന്നതിന് അവസരമൊരുക്കാന്‍ എന്തു നടപടിയെടുക്കുമെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതി അന്ത്യശാസനം നൽകി. ജനപ്രാതിനിധ്യ നിയമത്തിലോ ചട്ടത്തിലോ ഭേദഗതി വരുത്താനുദ്ദേശിക്കുന്നുണ്ടോയെന്ന് അതുടൻ അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

2014-ലാണ് പ്രവാസി വോട്ട് സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതിയിലെത്തിയത്. ഓരോ തവണ കേസ് പരിഗണിക്കുമ്പോഴും ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന മറുപടിയാണ് കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്. തുടർന്നാണ് കഴിഞ്ഞ തവണ സുപ്രീംകോടതി അന്ത്യശാസനം നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ