ചെന്നൈ : ബിജെപിയേയും നരേന്ദ്ര മോദിയേയും അമിത് ഷായേയും കടന്നാക്രമിച്ച് പ്രകാശ് രാജ്. താനൊരു ഹിന്ദു വിരുദ്ധന്‍ ആണെന്നാണ്‌ ചിലര്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ അങ്ങനെയാല്ല താന്‍ മോദി വിരുദ്ധനും ഹെഗ്ഡെ വിരുദ്ധനും അമിത് ഷാ വിരുദ്ധനുമാണെന്ന് പറഞ്ഞ പ്രകാശ് രാജ്. തന്നെ സംബന്ധിച്ച് അവരൊന്നും ഹിന്ദുക്കളല്ല എന്നും പറഞ്ഞു. ഇന്ത്യാ ടുഡേ സൗത്ത് കോണ്‍ക്ലേവില്‍ സംസാരിക്കുകവേയാണ് ബിജെപിക്കെതിരെ രൂക്ഷമായ ഭാഷയില്‍ താരം പ്രതികരിച്ചത്.

” ഞാന്‍ ഹിന്ദു വിരുദ്ധന്‍ ആണെന്നാണ്‌ അവര്‍ വിമര്‍ശിക്കുന്നത്. അല്ല, ഞാന്‍ മോദി വിരുദ്ധനാണ്. ഞാന്‍ ഹെഗ്ഡെ വിരുദ്ധനാണ്. ഞാന്‍ അമിത് ഷാ വിരുദ്ധനാണ്. എന്നെ സംബന്ധിച്ച് അവര്‍ ഹിന്ദുക്കളല്ല. ഒരു മതത്തെ ഈ ഭൂമിയില്‍ നിന്നും തുടച്ചു നീക്കണം എന്ന് പറയുന്ന അനന്ത്കുമാര്‍ ഹെഗ്ഡെ എന്നെ സംബന്ധിച്ച് ഹിന്ദുവല്ല. ” പ്രകാശ് രാജ് പറഞ്ഞു.

തെന്നിന്ത്യന്‍ സിനിമാ താരങ്ങളായ പ്രകാശ് രാജ്, വിശാല്‍ എന്നിവര്‍, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍, ദളിത്‌ ചിന്തകനായ കാഞ്ചാ ഇലയ്യ എന്നിവരടങ്ങിയ ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലുടനീളം പ്രതിഫലിച്ചത് സിനിമാ- സാംസ്കാരിക മേഖലയില്‍ കേന്ദ്രസര്‍ക്കാരും ഹിന്ദുത്വ രാഷ്ട്രീയവും കൈക്കടത്തുന്നുവെന്ന വിമര്‍ശനമാണ്.

‘എന്തുകൊണ്ട് സെക്സി ദുര്‍ഗ? എന്തുകൊണ്ട് സെക്സി ഫാത്തിമ അല്ലെങ്കില്‍ സെക്സി മേരി അല്ല ? ‘ എന്ന് സനല്‍കുമാര്‍ ശശിധരന് നേരെ ചോദ്യം വന്നപ്പോള്‍ ‘ഇത് ഉത്തരം പറയേണ്ട ചോദ്യമല്ല’ എന്നായിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍ പ്രതികരിച്ചത്. ” ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ സെക്സി ദുര്‍ഗ എന്ന സിനിമയാണ് എടുത്തത്. എന്തുകൊണ്ട് സെക്സി ദുര്‍ഗ എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ എനിക്കാകും. എനിക്കറിയാത്തതായതും ഞാനുമായി ബന്ധമില്ലാത്തതുമായ ‘സെക്സി ഫാത്തിമയേയും സെക്സി മേരിയേയും കുറിച്ച് ഞാന്‍ ഉത്തരം പറയേണ്ടതില്ല’ സനല്‍ വിശദീകരിച്ചു.

Read More : തൻെറ പരിപാടിക്ക് ശേഷം ബിജെപി ഗോമൂത്രം തെളിച്ച് ശുദ്ധികലശം നടത്തിയെന്ന് പ്രകാശ് രാജ്

എന്നാല്‍ ഇത്തരമൊരു ചോദ്യം ഉയരുന്നില്ലേ. ചിലര്‍ക്കെങ്കിലും തോന്നുന്ന ആ ചോദ്യം ‘പ്രസക്തമല്ലേ’ എന്ന് അവതാരകന്‍ ആരായുന്നു. ‘ആ ചോദ്യത്തിന് പ്രസക്തിയേയില്ല’ എന്ന് പ്രകാശ് രാജും ആവര്‍ത്തിച്ചു.
” ഇദ്ദേഹം ഒരു സിനിമയുണ്ടാക്കി. അതിന്‍റെ പേര് സെക്സി ദുര്‍ഗ എന്നാണ്. എന്തുകൊണ്ട് നിങ്ങള്‍ ഫാത്തിമയെ കുറിച്ച് സിനിമയെടുക്കുന്നില്ല ? കാരണം ഫാത്തിമയെക്കുറിച്ച് സിനിമയില്ല എന്നതാണ്‌. എന്തിനാണ് അദ്ദേഹം മറുപടി പറയേണ്ടത്. ഇത്തരം ചോദ്യം ചോദിക്കുന്ന ആളുകള്‍ ഒരുകാലത്തും ഇവര്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കില്ല. അവര്‍ക്ക് ദുര്‍ഗ വൈനിനോട് ഒരു പ്രശ്നവുമില്ല. ദുര്‍ഗ മട്ടന്‍ ഷോപ്പ്, ശിവാ മട്ടന്‍ ഷോപ്പ് എന്നതിനോടോന്നും അവര്‍ക്ക് പ്രശ്നമില്ല. ഒരു സംവിധായകനാണ് അയാളുടെ സിനിമയുടെ പേര് തീരുമാനിക്കേണ്ടത്. അല്ലാതെ ഇവരല്ല. ഞാന്‍ സെയിന്‍റ് ഫാത്തിമ എന്ന് പേര് നല്‍കും. നിങ്ങള്‍ക്ക് പ്രശ്നമുണ്ടോ ? അവര്‍ക്കതില്‍ പ്രശ്നമുണ്ടാകും. കാരണം ഞാന്‍ ഫാത്തിമയെയാണ് വിശുദ്ധയായി വിശേഷിപ്പിച്ചത്. ” ദിവ്യത്ത്വം കല്‍പ്പിച്ചുകിട്ടണം എന്നാണ് ‘അവരുടെ’ പ്രശ്നം എന്ന് അഭിപ്രായപ്പെട്ട പ്രകാശ് രാജ് തന്റെ ചോദ്യങ്ങള്‍ക്ക് എന്തുകൊണ്ടാണ് അവര്‍ ഉത്തരം നല്‍കാത്തത് എന്നും ആരാഞ്ഞു.

ഹിന്ദുക്കള്‍ താരതമ്യേന പ്രതിഷേധിക്കാത്തവരാണ് എന്നത് കൊണ്ടല്ലേ ‘സെക്സി ദുര്‍ഗ’ ആവുകയും സെക്സി മറ്റെന്തെങ്കിലും ആകാത്തതും എന്ന് അവതാരകന്‍ ആവര്‍ത്തിച്ചു. “ഇത് ഹിന്ദുമതത്തിനെതിരെയാണ് എങ്കില്‍ അവര്‍ക്ക് ചോദ്യം ഉണ്ടായേക്കാം. എന്നാല്‍ മതവും ഇതുമായി ഒരു ബന്ധവുമില്ലെന്ന് സംവിധായകന്‍ ആവര്‍ത്തിക്കുന്നുണ്ട്, പിന്നെയെന്താണ് അവരുടെ പ്രശ്നം ?” പ്രകാശ് രാജ് ചോദിച്ചു.

താന്‍ സംസാരിച്ച വേദി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രപയോഗിച്ച് ശുദ്ധികലശം നടത്തിയ സംഭവം പങ്കുവെച്ച പ്രകാശ് രാജിനോട്. ‘ബിജെപിക്കെതിരെ സംസാരിക്കുന്നതിന് ചില സംസ്ഥാനങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി തരുന്നു എന്ന് ബിജെപിയുടെ കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ ആരോപിച്ചിരുന്നല്ലോ എന്ന് അവതാരകന്‍.’ എന്ന് അവതാരകന്‍ ആരായുന്നു.

” കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും എച്ച് എസ്ആര്‍ ലേ ഔട്ടില്‍ ഞാന്‍ സ്ഥലം കൈപ്പറ്റി എന്നാണ് അവരുടെ പ്രചരണം. എനിക്കെത്ര ഏക്കര്‍ ഭൂമിയുണ്ട് എന്ന് അവര്‍ക്കറിയില്ല. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ അഞ്ച് സംസ്ഥാനങ്ങളിലായി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചതിന് എനിക്കെത്ര പണം കിട്ടിക്കാണും എന്ന് അവര്‍ക്ക് അറിയില്ല. ഞാനൊരു ഗ്രാമത്തെ ദാത്തെടുക്കുകയും അവിടെ സ്കൂള്‍ പണിയാന്‍ ആറ് ഏക്കര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഈയടുത്താണ് ഒരു കമ്യൂണിറ്റി ഹാള്‍ പണിയുന്നതിനായി എന്‍റെ രണ്ടേക്കര്‍ ഭൂമി ഞാന്‍ സംഭാവന ചെയ്യുന്നത്. അവര്‍ ധരിക്കുന്നത് എനിക്ക് ബാംഗ്ലൂരില്‍ ഭൂമി വേണം എന്നാണ്. എന്ത് പരിതാപകരമാണ് അവരുടെ കാര്യം എന്ന് നോക്കൂ.. അവര്‍ക്ക് ഒന്നുമറിയില്ല.” താന്‍ ഹിന്ദുവിരുദ്ധനല്ല എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് പ്രകാശ് രാജ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ