ചെന്നൈ: ജയലളിതയുടെ കുടുംബത്തിൽനിന്നുള്ള ആരെങ്കിലും മുഖ്യമന്ത്രിയാകാനല്ല തമിഴ് ജനത വോട്ട് ചെയ്തതെന്നു ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിൻ. ജയലളിതയുടെ നേതൃത്വത്തിലുള്ള സർക്കാർ തമിഴ്നാട് ഭരിക്കാനാണ് 2016 ൽ ജനങ്ങൾ വോട്ടു ചെയ്തത്. മറിച്ച് ഒ.പനീർശെൽവമോ ജയലളിതയുടെ കുടുംബത്തിലെ ആരെങ്കിലുമോ ഭരിക്കാനല്ലന്നും സ്റ്റാലിൻ പറഞ്ഞു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല തമിഴ്നാട് മുഖ്യമന്ത്രിയായേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.

നിലവിലെ സർക്കാരിന് ഭൂരിഭാഗം ജനങ്ങളുടെയും പിന്തുണ നഷ്ടമായിരിക്കുന്നു. എഐഎഡിഎംകെ എംഎൽഎമാർ വ്യത്യസ്ത ശബ്ദത്തിലാണ് സംസാരിക്കുന്നത്. ക്യാബിനറ്റിൽപോലും ഐക്യമില്ല. പാർട്ടിക്കുള്ളിലെ പ്രശ്നം സംസ്ഥാനത്തിന്റെ ഭരണത്തെയും ബാധിക്കും. പ്രധാന പ്രതിപക്ഷ പാർട്ടിയായ ഡിഎംകെയ്ക്ക് ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഐഎഡിഎംകെയുടെ നിർണായക യോഗം ഇന്നു ചേരുന്നുണ്ട്. ശശികലയെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള നിർണായക തീരുമാനങ്ങൾ യോഗത്തിലുണ്ടായേക്കുമെന്നാണ് സൂചന. പാർട്ടി ജനറൽ സെക്രട്ടറിയായി ശശികല ചുമതലയേറ്റെടുത്തതിനുപിന്നാലെ മുഖ്യമന്ത്രി പദവും ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ