മുംബൈ: ശമ്പളം നല്‍കാത്തതിന് ജീവനക്കാരന്‍ തൊഴിലുടമയെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു. മുബൈയിലെ അന്ധേരിയിലാണ് സംഭവം. ഓഫീസിലെ പ്യൂണായ അശോക് ശ്രീവാസ്തവ (48) എന്നയാളാണ് തുഷാര്‍ പട്വ (60) എന്ന വസ്ത്ര നിര്‍മ്മാണ കമ്പനി ഉടമയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചത്.

ഗുരുതരമായി പരുക്കേറ്റ പട്‍വയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തെ ശമ്പളം ലഭിക്കാതിരുന്ന അശോക് ശമ്പളത്തിന് ആവശ്യപ്പെട്ടപ്പോള്‍ പട്‍വ നിരസിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് വിവരം. കമ്പനിയിലെ മറ്റ് നാല് ജീവനക്കാര്‍ കൂടി നില്‍ക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ ഇവര്‍ അശോകിനെ പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പിച്ചു.

കഴിഞ്ഞ നാല് വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്ന അശോകിന് കഴിഞ്ഞ മാസത്തെ 10,000 രൂപയാണ് നല്‍കാനുണ്ടായിരുന്നത്. ഉടമയോട് നിരന്തരംചോദിച്ചെങ്കിലും തരില്ലെന്ന് പറഞ്ഞത് കൊണ്ടാണ് താന്‍ ആക്രമണം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 307 പ്രകാരം കൊലപാതകശ്രമത്തിന് കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ