ഇസ്ലാമാബാദ്: പനാമ പേപ്പർ വിവാദത്തിൽ ആഭ്യന്തര അന്തരീക്ഷം പുകയുന്നതിനിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജിക്കായി സമ്മർദ്ദം. പാക് സൈന്യമാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതോടെ പാക്കിസ്ഥാനിലെ ഭരണ അന്തരീക്ഷം കൂടുതൽ രൂക്ഷമായി. മാറിയ സാഹചര്യത്തിൽ നവാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന് ചർച്ച ചെയ്യാൻ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം ചേരും. നാളെ പാർട്ടി യോഗം കൂടി ചേർന്ന ശേഷമാകും രാജി പ്രഖ്യാപനത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.

പാക്കിസ്ഥാനിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത് നവാസ് ഷെരീഫിന്റെ മക്കൾക്കെതിരായ സുപ്രീം കോടതി വിധിയാണ്. പാക് പ്രധാനമന്ത്രിയുടെ മൂന്ന് മക്കൾക്കുമെതിരെ അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണ കേസുകൾ ചുമത്തി. ഇന്ത്യൻ എക്സ്‌പ്രസ് ഉൾപ്പടെ ലോകത്തെ വിവിധ മാധ്യമങ്ങൾ ചേർന്ന് പുറത്ത് കൊണ്ടുവന്ന പനാമ പേപ്പർ കള്ളപ്പണ കേസിലാണ് അന്വേഷണം ഉത്തരവിട്ടിരിക്കുന്നത്.

അഞ്ചംഗ സുപ്രീം കോടതി ബഞ്ചിൽ മൂന്ന് പേരാണ് അന്വേഷണം നടത്തണമെന്ന് ശുപാർശ ചെയ്തത്. ഇതോടെ നവാസ് ഷെരീഫിന്റെ മക്കളായ മരിയം, ഹസൻ, ഹുസൈൻ ഷെരീഫ് എന്നിവർക്കെതിരെ അന്വേഷണവും ആരംഭിച്ചു. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്ന പ്രതികൂല വിധിയിൽ പതറാതെ പിടിച്ചു നിൽക്കുകയായിരുന്നു നവാസ് ഷെരീഫ്.

ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം മുറുകുകയും, ഇസ്രയേൽ അമേരിക്ക എന്നീ രാജ്യങ്ങളുമായി ഇന്ത്യ കൂടുതൽ സൗഹൃദത്തിലാവുകയും ചെയ്തതോടെ പാക് സൈന്യത്തിന് അതിർത്തി സംരക്ഷണത്തിൽ കടുത്ത ആശങ്കകളുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്ത് ആഭ്യന്തര കലഹം ഉണ്ടാകരുതെന്ന നിർബന്ധ ബുദ്ധിയാണ് സൈന്യം സ്വീകരിച്ചിരിക്കുന്നത്. സൈന്യം കടുത്ത നിലപാട് കൈക്കൊണ്ടതോടെ ഭരണത്തിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനത്തിലേക്ക് നവാസ് ഷെരീഫും എത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അറുപത് ദിവസത്തിനുള്ളിൽ കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സസാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് പാക് സുപ്രീം കോടതി നൽകിയ നിർദ്ദേശം. അന്വേഷണം അവസാന ഘട്ടത്തിൽ എത്തിനിൽക്കേ മൂവരുടെയും പങ്ക് വ്യക്തമായതായാണ് സൂചന. ജനവരി നാലിനാണ് ഈ കേസുമായ ബന്ധപ്പെട്ട് നവാസ് ഷെരീഫിന്റെ കുടുംബത്തിനെതിരെ അന്വേഷണം വേണമെന്ന ആവശ്യം കോടതി പരിഗണിച്ചത്. ഇതിനായി അഞ്ചംഗ സുപ്രീം കോടതി ബഞ്ചിനെയും നിയോഗിച്ചിരുന്നു.

രാജ്യത്തിന് പുറത്ത് എട്ട് വ്യത്യസ്ത അക്കൗണ്ടുകളിലായി നവാസ് ഷെരീഫിന്റെ മക്കൾ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് അടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പുറത്ത് വന്നത്. മൂവരും അനധികൃതമായി സമ്പാദിച്ച പണം ലണ്ടനിൽ വസ്തുക്കൾ വാങ്ങുന്നതിനായി ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ.

പനാമയിലെ മൊസാക് ഫൊൻസെക എന്ന നിയമകാര്യ സ്ഥാപപനമാണ് ലോകത്തെ ഉന്നതന്മാരുടെ സമ്പത്ത് നികുതി വെട്ടിച്ച് നിക്ഷേപിക്കാൻ സഹായിച്ചത്. ഈ രേഖകളാണ് പനാമ പേപ്പറിലൂടെ ലോകത്തെ നിരവധി മാധ്യമങ്ങൾക്കൊപ്പം ദി ഇന്ത്യൻ എക്‌സ്‌പ്രസും ചേർന്ന് പുറത്ത് കൊണ്ടുവന്നത്.

സുപ്രീം കോടതിയുടെ ഉത്തരവ് “ചരിത്ര വിധി”യാണെന്ന് അവാമി മുസ്ലിം ലീഗ് തലവൻ ഷെയ്ക് റാഷിദ് അഹമ്മദ് വ്യക്തമാക്കി. ഇദ്ദേഹം ഈ കേസിൽ നവാസ് ഷെരീഫിനെതിരെ കക്ഷിചേർന്നിരുന്നു. “കോടതിയുടെ അന്തിമ വിധി ഏത് തരത്തിലായാലും സ്വാഗതം ചെയ്യുമെന്ന്” അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ